കോവിഡ്: മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി
മുഖ്യമന്ത്രിയുടെ ചികിത്സക്കായി സൂപ്രണ്ട്. ഡോ. ശ്രീജയന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ചികിത്സയ്ക്കായി കണ്ണൂരിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. മുഖ്യമന്ത്രിയുടെ ചികിത്സക്കായി സൂപ്രണ്ട്. ഡോ. ശ്രീജയന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച മുഖ്യമന്ത്രിയെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും തന്നെയില്ല. ചെറിയ ചുമ മാത്രമാണ് ഉള്ളത്. മറ്റ് അസുഖങ്ങളുള്ളതിനാല്‍ മുഖ്യമന്ത്രിക്ക് പ്രത്യേക ചികിത്സ നല്‍കേണ്ടതുണ്ട്. അതിനാലാണ് ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുള്ളത്.
കോവിഡ് പോസിറ്റീവ് റിസള്‍ട്ട് വരുന്ന സമയത്ത് മുഖ്യമന്ത്രി പിണറായിയിലെ തന്റെ വീട്ടിലായിരുന്നു. അവിടെ നിന്നാണ് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചത്. കൂടെ ഭാര്യയും പേരക്കുട്ടിയുമുണ്ട്. മകള്‍ വീണയ്ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
മുഖ്യമന്ത്രി ഒരുമാസം മുമ്പേ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നീരീക്ഷണത്തില്‍ പോകണമെന്ന് മുഖ്യമന്ത്രി ഫെയ്സ്‍ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.