ഭർത്താവിന്റെ മൃതദേഹത്തിനരികെ വിറങ്ങലിച്ചിരിക്കുന്ന യുവതി; നെഞ്ചുലച്ച ആ ചിത്രം കൊച്ചിയിലെ നാവികസേന ഓഫീസറുടേത്, വിവാഹം കഴിഞ്ഞത് 6 ദിവസം മുന്‍പ്

ഹരിയാന സ്വദേശി ലഫ്.വിനയ് നർവാൾ ആണ് മരിച്ചത്

Update: 2025-04-23 07:07 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: വിനോദ സഞ്ചാരികളുടെ പറുദീസ കുരുതിക്കളമായതിന്റെ നടുക്കത്തിലാണ് രാജ്യം ഇപ്പോഴും. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നതായിരുന്നു ഭർത്താവിന്റെ ശരീരത്തിന് മുന്നിൽ വിറങ്ങലിച്ചിരിക്കുന്ന യുവതിയുടെ ചിത്രം. സോഷ്യൽമീഡിയയിലും വാർത്തകളിലും ഈ ചിത്രം വ്യാപകമായി പങ്കുവെക്കപ്പെടുകയും ചെയ്തു.

കൊച്ചിയിലെ നാവികസേന ഓഫീസറായ ഹരിയാന സ്വദേശി ലഫ്.വിനയ് നർവാളിന്റെതായിരുന്നു ആ ചിത്രം. 26 കാരനായ വിനയിന്റെ വിവാഹം ആറുദിവസം മുന്‍പായിരുന്നു. ഭാര്യയോടൊത്ത് മധുവിധു ആഘോഷിക്കാനാണ് വിനയ് കശ്മീരിലെത്തിയത്.എന്നാൽ ആ സന്തോഷം ഏറെനേരം നിന്നില്ല.ഭീകരുടെ വെടിയേറ്റ് ഭാര്യയുടെ മുന്നിൽവെച്ച് വിനയ് കൊല്ലപ്പെടുകയായിരുന്നു.

Advertising
Advertising

ഏപ്രിൽ 16 നായിരുന്നു വിനയ് നർവാളിന്റെയും ഹിമാൻഷിയുടെയും വിവാഹം. റിസപ്ക്ഷന്‍ 19 നും നടന്നു . വിവാഹാഘോഷങ്ങള്‍ക്ക് ശേഷം അവധിയെടുത്താണ് ഇരുവരും കശ്മീരിലേക്ക് പോയതെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തുോ. രണ്ട് വർഷം മുമ്പാണ് വിനയ് നാവികസേനയിൽ ചേർന്നത്.കൊച്ചിയിലായിരുന്നു വിനയിന്റെ ആദ്യപോസ്റ്റിങ്.

മാതാപിതാക്കളുടെ ഏക മകനായ വിനയ്ക്ക്, മെയ് 1-ന് 27 വയസാകും. മകന്റെ ജന്മദിനം ആഘോഷിക്കാൻ സന്തോഷത്തോടെ കാത്തിരുന്ന ഹരിയാനയിലെ കുടുംബം അവന്‍റെ അന്ത്യയാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. ഹരിയാന മുഖ്യമന്ത്രി നയാബ് സൈനി ഉൾപ്പെടെയുള്ളവർ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി.

 'ആറു ദിവസം മുമ്പാണ് അദ്ദേഹം വിവാഹിതനായത്. എല്ലാവരും സന്തോഷത്തിലായിരുന്നു. തീവ്രവാദികൾ അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചെന്നും ഞങ്ങൾക്ക് വിവരം ലഭിച്ചു. നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്നു വിനയ്'.. അയൽക്കാരിൽ ഒരാളായ നരേഷ് ബൻസാൽ എഎൻഐയോട് പറഞ്ഞു. ഊർജ്വസ്വലനായ ഉദ്യോഗസ്ഥനായിരുന്നു വിനയ് എന്ന് അയൽക്കാരും നാട്ടുകാരും സഹപ്രവർത്തകരും ഓർമിച്ചു.

കർണാടകയിൽനിന്ന് അവധിക്കാലം ആഘോഷിക്കാൻ കുടുംബസമേതം കശ്മീരിലെത്തിയ ശിവമോഗ സ്വദേശി മഞ്ജുനാഥ് റാവുവിനെ കാത്തിരുന്നതും ദുരന്തമായിരുന്നു. ഭാര്യ പല്ലവിയുടെ മുന്നിലായിരുന്നു ഭീകരർ മഞ്ജുനാഥ് റാവുവിനെ വധിച്ചത്. 

കഴിഞ്ഞദിവസം നടന്ന ഭീകരാക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്.പരിക്കേറ്റ 15 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശവാസികളേയും കച്ചവടക്കാരെയും ടാക്‌സി ഡ്രൈവർമാരെയും മാറ്റി നിർത്തി വിനോദ സഞ്ചാരികളെ മാത്രം ലക്ഷ്യം വച്ചുള്ളതായിരുന്നു ആക്രമണം. സ്ത്രീകളും കുട്ടികളും നോക്കിനിൽക്കെ വെടിയേറ്റു മരിച്ചുവീണത് പുരുഷന്മാരായിരുന്നു. പഹൽഗാമിൽ കുതിരപ്പുറത്ത് കയറിയോ കാൽനടയായോ മാത്രം ട്രക്കിങ് നടത്തി എത്താൻ സാധിക്കുന്ന മിനി സ്വിറ്റ്‌സർലൻറ് എന്നറിയപ്പെടുന്ന ബൈസാറിൻ കുന്നിൻമുകളിലാണ് ആക്രമണം നടന്നത്. സൈനിക വേഷത്തിലാണ് ഭീകരർ എത്തിയതെന്നാണ് വിവരം.

വിനോദ സഞ്ചാരികളെ മാത്രം ലക്ഷ്യം വച്ചുള്ളതായിരുന്നു പഹൽഗാം ഭീകരാക്രമണമെന്നാണ് വിലയിരുത്തുന്നത്. സൈനിക വേഷത്തിലെത്തിയ ഭീകരർ കാൽനടയായോ കുതിരപ്പുറത്തോ മാത്രം എത്തിച്ചേരാൻ സാധിക്കുന്ന കുന്നിൻ മുകളിൽ വെച്ചാണ് രാജ്യത്തെ നടുക്കിയ ആക്രമണം അഴിച്ചുവിട്ടത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News