കോൺഗ്രസിന് അബദ്ധം പറ്റിയതാണെന്ന് പിന്നീട് മനസ്സിലായി, വീഴ്ചയുണ്ടായെന്ന് പറായാനായിട്ടില്ല: പി.വി അബ്ദുൽ വഹാബ് എം.പി

അബ്ദുൽ വഹാബ് എം.പിയുടെ വിമർശനം പോസീറ്റിവായി എടുത്താൽ മതിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Update: 2022-12-10 13:31 GMT
Editor : afsal137 | By : Web Desk
Advertising

സിവിൽ കോഡ് ബിൽ അവതരണസമയത്തെ കോൺഗ്രസ് അസാന്നിധ്യത്തിൽ വിമർശനം ആവർത്തിച്ച് പി.വി അബ്ദുൽ വഹാബ് എം.പി. ബില്ല് അവതരണസമയത്ത് കോൺഗ്രസ് അംഗങ്ങൾ ഉണ്ടായിരുന്നില്ല. കോൺഗ്രസിന് പിന്നീട് അബദ്ധം സംഭവിച്ചതാണെന്ന് മനസ്സിലായെന്നും വീഴ്ച്ചയുണ്ടായതായി പറയാനായിട്ടില്ലെന്നും പി.വി അബ്ദുൽ വഹാബ് വ്യക്തമാക്കി. 

''ബില്ല് അവതരണ സമയത്ത് ബി.ജെ.പി അംഗങ്ങളെല്ലാം ഹാജരുണ്ടായിരുന്നു. നമ്മുടെ ഭാഗത്ത് ആളുകൾ കുറവും. ജെബി മേത്തറുമൊക്കെ പിന്നീട് വന്നു പ്രസംഗിച്ചു. കോൺഗ്രസ് ഇതുവരെ അങ്ങനെയല്ല. കോൺഗ്രസിന് അങ്ങനെയൊരു തകരാർ സംഭവിച്ചുവെന്ന് പറയാൻ കഴിയുമോ...? ഞാൻ പറഞ്ഞത് ആ സമയത്ത് അവരവിടെ ഉണ്ടായില്ലെന്നാണ്. എന്റെ വികാരം ആ സമയത്താണ്. കോൺഗ്രസ് ഫ്‌ളോർ മാനേജർ ഇന്നലെ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ അങ്ങനെ സംഭവിക്കുമായിരുന്നില്ല.''- അബ്ദുൽ വഹാബ് എം.പി പറഞ്ഞു.

ഏകീകൃത സിവിൽ കോഡിനായുള്ള ബിൽ അവതരണത്തെ എതിർക്കാൻ കോൺഗ്രസ് അംഗങ്ങൾ രാജ്യസഭയിൽ ഇല്ലായിരുന്നുവെന്ന അബ്ദുൽ വഹാബ് എം.പിയുടെ വിമർശനം പോസീറ്റിവായി എടുത്താൽ മതിയെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം. ഏകീകൃത സിവിൽ കോഡ് ഏറെ ഗൗരവമുള്ള വിഷയമാണ്. കോൺഗ്രസ് ഉൾപ്പെടെ ജനാധിപത്യ പാർട്ടികൾ കണ്ണിലെണ്ണയൊഴിച്ച് കരുതിയിരിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏകീകൃത സിവിൽകോഡ് ബിൽ അവതരിപ്പിക്കുന്ന സമയത്ത് കോൺഗ്രസ് അംഗങ്ങൾ സഭയിൽ ഇല്ലാതിരുന്നത് തനിക്ക് വിഷമം ഉണ്ടാക്കിയെന്നായിരുന്നു അബ്ദുൽ വഹാബ് എം.പി പറഞ്ഞത്. ബില്ലിനോടുള്ള സിപിഎം നിലപാട് വിശ്വസിക്കാൻ കഴിയില്ലെന്നും പ്രത്യേക താല്പര്യങ്ങൾ ഉള്ളതിനാലാണ് സിപിഎം ഇങ്ങനെയൊരു നിലപാടെടുത്തതെന്നും മുസ്ലിം ലീഗ് എംപി വ്യക്തമാക്കിയിരുന്നു. ഏകീകൃത സിവിൽകോഡ് സ്വകാര്യ ബില്ലായി രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി കിരോദി ലാൽ മീണയാണ് രാജ്യസഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളം വകവെക്കാതെയാണ് കിരോദി ലാൽ മീണ ബിൽ അവതരിപ്പിച്ചത്.

ബിൽ രാജ്യത്തിന് ഗുണകരമല്ലെന്ന് മുസ്ലിം ലീഗ് കുറ്റപ്പെടുത്തി. ബിൽ വർഗീയ ദ്രുവീകരണത്തിന് ഇടയാക്കുമെന്നായിരുന്നു സിപിഎം നിലപാട്. സഭയിൽ ബിൽ അവതരണത്തിനായി ബി.ജെ.പി എം.പി അനുമതി തേടിയപ്പോൾ തന്നെ പ്രതിപക്ഷം കനത്ത പ്രതിഷേധം ഉയർത്തിയിരുന്നു. സി.പി.എം, മുസ്‌ലിം ലീഗ്, തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബില്ലിനെ എതിർത്തുകൊണ്ട് രംഗത്തെത്തിയിരുന്നു. കോൺഗ്രസ് അംഗങ്ങൾ സഭയിലില്ലെന്ന് അബ്ദുൽ വഹാബ് ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ജെബി മേത്തർ ഉൾപ്പെടെയുള്ള കോൺഗ്രസ് അംഗങ്ങൾ സഭയിലെത്തി. ഇവരും ബില്ലിനെ രൂക്ഷമായി എതിർക്കുകയാണുണ്ടായത്.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News