50 വർഷത്തിന് ശേഷം 93 രൂപയുടെ കടം വീട്ടി അബ്ദുല്ല

മലപ്പുറം വെളിമുക്ക് സ്വദേശി സി.പി അബ്ദുല്ലയാണ് ആന്ധ്രയിലെത്തി കടം വീട്ടിയത്

Update: 2025-12-04 02:33 GMT

മലപ്പുറം: 50 വർഷം മുമ്പ് ആന്ധ്രയിലെ ഒരു കച്ചവടക്കാരന് നൽകാനുണ്ടായിരുന്ന 93 രൂപയുടെ കടബാധ്യത തീർത്ത സന്തോഷത്തിലാണ് മലപ്പുറം വെളിമുക്ക് സ്വദേശി സി.പി അബ്ദുല്ല. ആന്ധ്രയിലെത്തി കടം നൽകിയ വ്യക്തിയുടെ കുടുംബത്തെ കണ്ടെത്തിയാണ് ഇന്നത്തെ മൂല്യംവരുന്ന പണം അബ്ദുല്ല കൈമാറിയത്.

1970 അവസാനത്തിൽ ആന്ധ്രയിലെ കർനുലിൽ ഹോട്ടൽ നടത്തിയിരുന്ന അബ്ദുല്ല സമീപത്തെ പലചരക്കുകാരനായ ഇബ്രാഹീമിയക്ക് നൽകാനുണ്ടായിരുന്നതാണ് 93 രൂപ. പിന്നീട് ഹോട്ടൽ നിർത്തി നാട്ടിലേക്ക് തിരിച്ചു വരേണ്ടി വന്നു. പണമില്ലാത്തതിനാൽ കടബാധ്യത തീർക്കാനായില്ല. നാട്ടിലെത്തി മറ്റു ബിസിനസിലേക്ക് കടന്ന അബ്ദുല്ല ഈ കടം മറന്നുപോയിരുന്നു. 20 വർഷങ്ങൾക്ക് മുമ്പ് കടം ഓർമ വന്നതിന് പിന്നാലെ പലതവണ പണം നൽകാനുള്ള വ്യക്തിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അവിടെപ്പോയി അന്വേഷിക്കാം എന്നായി. രണ്ടുദിവസത്തെ അന്വേഷണത്തിന് ഒടുവിൽ ആ പഴയ കച്ചവടക്കാരന്റെ പേര മകനെ കണ്ടെത്തി.

Advertising
Advertising

കാര്യം പറഞ്ഞപ്പോൾ അവർക്കും അമ്പരപ്പ്, ആദ്യം പണം വാങ്ങാൻ ഇബ്രാഹീമിയയുടെ കുടുംബം തയ്യാറായില്ല. പണം തിരിച്ചുതരാൻ വേണ്ടി മാത്രമാണ് ഇത്ര ദൂരം വന്നതെന്ന് അറിയിച്ചപ്പോഴാണ് പണം വാങ്ങാൻ അവർ തയ്യാറായത്. ഒരാഴ്ച മുമ്പാണ് അബ്ദുല്ല ഈ കടത്തെക്കുറിച്ച് നാട്ടുകാരനായ ഷെഫീഖ് പാണക്കാടിനോടും പറയുന്നത്. അങ്ങനെയാണ് അബ്ദുള്ളല്ലയും ഷെഫീഖ് ഉൾപ്പെടെ നാലുപേർ ആന്ധ്രയിലേക്ക് വണ്ടി കയറിയത്. കുറച്ച് കഷ്ടപ്പെട്ടെങ്കിലും കടം വീട്ടിയ സന്തോഷത്തിലും ആശ്വാസത്തിലുമാണ് അബ്ദുല്ല. ജീവകാരുണ്യ രംഗത്ത് സജീവമായ അബ്ദുല്ല സിപി മാർബിൾസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ചെയർമാനും ഫൗണ്ടറുമാണ്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News