മൂന്നാറിൽ മുംബൈ സ്വദേശിനിയോട് മോശം പെരുമാറ്റം:'ഡ്രൈവര്‍മാരുടെ ലൈസൻസ് റദ്ദാക്കും, ഒത്താശ ചെയ്ത പൊലീസുകാർക്കെതിരെ കർശന നടപടി'; മന്ത്രി കെ.ബി ഗണേഷ് കുമാർ

കേരള സന്ദർശനത്തിനിടെയുണ്ടായ ദുരനുഭവം യുവതി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു

Update: 2025-11-04 08:09 GMT
Editor : Lissy P | By : Web Desk

പത്തനംതിട്ട: മൂന്നാറിൽ മുംബൈ സ്വദേശിയായ യുവതിയോട് ടാക്സി ഡ്രൈവർമാർ മോശമായി പെരുമാറിയതിൽ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവര്‍മാരുടെ ലൈസൻസ് റദ്ദ് ചെയ്യും.  അപമര്യാദ കാണിച്ച ഡ്രൈവർമാർക്കും ഒത്താശചെയ്ത പൊലീസുകാർക്കും എതിരെ നടപടി ഉണ്ടാകുമെന്നും ഗണേഷ് കുമാർ പറഞ്ഞു. യാത്രയ്ക്ക് ഓൺലൈൻ ടാക്സി വിളിച്ചതിനാണ് മുംബൈ സ്വദേശിനിയെ ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയത്.

'ആറ് പേരാണ് യുവതിയോട് മോശമായി പെരുമാറിയത്.ഇവരെ ഉടൻ അറസ്റ്റ് ചെയ്യും.തുടർന്ന് ഇവരുടെ ലൈസൻസ് റദ്ദാക്കും.ഇനി ഈ സംഭവം ആവർത്തിക്കരുത്. ഊബർ ഇന്ത്യയിലോ കേരളത്തിലോ നിരോധിച്ചിട്ടില്ല. ഊബർ ഓടിക്കുന്നവരും തൊഴിലാളികളാണ്.മൂന്നാറിൽ ഗുണ്ടായിസം നടത്തുകയാണ്.തൊഴിലാളികളോട് സ്‌നേഹമുള്ള സർക്കാറാണിത്.എന്നാൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ അനുവദിക്കില്ല. പുരോഗമന സംസ്ഥാനത്തിന് ചേർന്ന നടപടിയില്ല. മൂന്നാറിൽ ഡബിൾ ഡക്കർ വന്നപ്പോഴും ഇതേപോലെ അനുഭവം ഉണ്ടായിരുന്നു.അന്ന് കുറേ പേർക്ക് പിഴ ചുമത്തിയിരുന്നു.അതിൽ പിഴ അടക്കാത്തവർക്കെതിരെയും നടപടിയെടുക്കും'. മന്ത്രി പറഞ്ഞു.

Advertising
Advertising

കൊച്ചിയിലെ സ്വകാര്യ ബസുകള്‍ മിന്നൽ പണിമുടക്ക് നടത്തിയാല്‍ ആ റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.എത്ര വേണമെങ്കിലും പണിമുടക്ക് നടത്തിക്കോളൂ. ആവശ്യത്തിനുള്ള ബസുകൾ ഇന്നലെ രാത്രി തന്നെ എത്തിച്ചിട്ടുണ്ട്.പണിമുടക്ക് എത്ര കാലം തുടരുമെന്ന് നോക്കട്ടെ. പണി മുടക്കുന്ന ബസുകളുടെ ഫോട്ടോ എടുത്തിട്ടുണ്ട്.ബസ് സർവീസ് അവശ്യ സർവീസാണ്.യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

കേരള സന്ദർശനത്തിനിടെയുണ്ടായ ദുരനുഭവം യുവതി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മുംബൈയിൽ അസി.പ്രൊഫസറായ ജാൻവി എന്ന യുവതിക്കാണ് മൂന്നാർ സന്ദർശന വേളയിൽ ഓൺലൈൻ ടാക്‌സിയിൽ യാത്ര ചെയ്തപ്പോൾ പ്രദേശവാസികളായ ടാക്‌സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്.

ഓൺലൈനായി ബുക്ക് ചെയ്ത ടാക്‌സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് യുവതിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്‌സികൾക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയൻ സംഘം ഇവരെ തടയുകയായിരുന്നു. സ്ഥലത്തെ ടാക്‌സിയിൽ മാത്രമേ പോകാവൂവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവതി പൊലീസിന്റെ സഹായം തേടി.എന്നാൽ പൊലീസും ഇതേ നിലപാടെടുത്തുവെന്നുമാണ് യുവതി പറയുന്നത്. അനുഭവം ഓൺലൈനിൽ പങ്കുവെച്ച ശേഷം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സമാനമായ അനുഭവം നേരിട്ടെന്ന സന്ദേശങ്ങൾ ലഭിച്ചെന്നും യുവതി പറയുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News