Writer - അൻഫസ് കൊണ്ടോട്ടി
anfas123
Photo: MediaOne
കൊച്ചി: എട്ടു മാസങ്ങൾക്കുശേഷം നടൻ മമ്മൂട്ടി കേരളത്തിൽ തിരിച്ചെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ മമ്മൂട്ടിയെ മന്ത്രി പി.രാജീവ്, അൻവർ സാദത്ത് എംഎൽഎ എന്നിവർ ചേർന്ന് സ്വീകരിച്ചു. തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും എല്ലാവരുടെയും പ്രാർത്ഥനകൾക്കും സ്നേഹങ്ങൾക്കും നന്ദിയുണ്ടെന്നും മമ്മൂട്ടി പ്രതികരിച്ചു. യുകെയിലെ ഷൂട്ടിങ്ങിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് മമ്മൂട്ടി ചെന്നൈയിൽ എത്തിയത്. അവിടെ നിന്നാണ് ഇന്ന് കൊച്ചിയിലെത്തിയത്.
'എല്ലാവരെയും വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി.' വീട്ടിലെത്തിയ ശേഷം മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഉച്ചക്ക് രണ്ടരയോടെയാണ് മമ്മൂട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. വിവരമറിഞ്ഞ് താവളത്തിലെത്തിയ ആരാധകർ സന്തോഷത്തോടെയാണ് താരത്തെ വരവേറ്റത്. സ്വന്തം കാറിൽ ഡ്രൈവ് ചെയ്താണ് മമ്മൂട്ടി എളംകുളത്തെ വീട്ടിലേക്ക് പോയത്. രോഗമുക്തി നേടി പൂർണാരോഗ്യവാനായി സ്ഥലത്തെത്തിയ മമ്മൂട്ടി മഹേഷ് നാരായണന്റെ പാട്രിയോട്ട് എന്ന സിനിമയുടെ മൂന്നാം ഘട്ട ഷൂട്ടിങിനായി നവംബർ ആദ്യവാരം ടീമിനൊപ്പം ചേരും. ഹൈദരാബാദിലും യുകെയിലും നേരത്തെ ഷൂട്ടിങിൽ പങ്കെടുത്തിരുന്നു.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു താരം. മലയാളത്തിന്റെ മെഗാസ്റ്റാറിനെ കാണാത്ത എട്ട് മാസം പ്രാർഥനകളോടെയാണ് സിനിമാ പ്രേമികൾ കഴിച്ചുകൂട്ടിയത്. അസുഖം ഭേദമായി തിരികെ വരുന്ന മമ്മൂട്ടിയെ വെള്ളിത്തിരയിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ജിതിൻ കെ. ജോസിന്റെ കളങ്കാവൽ ആണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. വില്ലൻ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നതെന്നാണ് സൂചനകൾ.