അതിജീവിത നീതി ലഭിച്ചില്ലെന്ന് പറയുമ്പോൾ, ലഭിച്ചുവെന്ന് നമുക്കെങ്ങനെ പറയാൻ കഴിയും; പ്രേംകുമാർ
ഈ കേസിൽ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: അതിജീവിത നീതി ലഭിച്ചില്ലെന്ന് പറയുമ്പോൾ, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാൻ കഴിയുമെന്ന് നടൻ പ്രേംകുമാർ. ഈ കേസിൽ ഗൂഢാലോചനയുണ്ട് എന്ന് വ്യക്തമാണ്. ദിലീപും, പ്രോസിക്യൂഷനും, അതിജീവിതയും ഗൂഢാലോചന ആരോപിക്കുന്നു. ആർക്കെതിരെയാണ് ഗൂഢാലോചന എന്നതാണ് കണ്ടെത്തേണ്ടത്. എന്താണ് ഗൂഢാലോചന, ആരാണ് ഗൂഢാലോചന നടത്തിയത് എന്നത് കൃത്യമായി കണ്ടെത്തണം. അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ പ്രതികൾക്ക് 20 വർഷം കഠിന തടവ് കോടതി വിധിച്ചിരുന്നു. 120ബി ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ് ശിക്ഷ. പ്രതിികൾക്ക് 50000 രൂപ പിഴയും കോടതി വിധിച്ചു. അതിജീവിതക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. അതിജീവിതയുടെ സ്വർണമോതിരം തിരികെ നൽകണമെന്നും കോടതി. തട്ടിക്കൊണ്ടുപോകലിന് 10 വർഷം കഠിനതടവും 25000 പിഴയും ശിക്ഷ. അന്വേഷണ ഉദ്യോഗസ്ഥൻ്റെ പെൻഡ്രൈവ് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ കൈകാര്യം ചെയ്യരുതെന്നും കോടതി. ശിക്ഷ എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതി. ഫൈൻ അടയ്ക്കാത്ത പക്ഷം ഒരുവർഷം അധികം ശിക്ഷ അനുവദിക്കണം.