'ദിലീപിന് നീതി ലഭ്യമായി,സർക്കാർ അപ്പീലിനു പോകും, മറ്റു പണിയൊന്നുമില്ലല്ലോ'; അടൂര്‍ പ്രകാശ്
ദിലീപിന് കോടതി തന്നെയാണ് നീതി നൽകിയതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു
പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് നീതി ലഭ്യമായിയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശ്.ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ട്.വ്യക്തിപരമായി സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്.
'നടി എന്ന നിലയിൽ ആ കുട്ടിയോടൊപ്പമാണ് ഞങ്ങൾ.എന്നാൽ നീ എല്ലാവർക്കും വേണം.ദിലീപ് നീതി ലഭ്യമായി.കലാകാരൻ എന്നതിനേക്കാൾ അപ്പുറം നേരിട്ട് ബന്ധമുണ്ടായിരുന്ന ആളാണ്. ദിലീപിന് കോടതി തന്നെയാണ് നീതി നൽകിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയെടുത്ത കേസാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്.വേറെ ഒരു പണിയും ഇല്ലാത്തതിനാൽ സർക്കാർ അപ്പീലിന് പോകും.ആരെയൊക്കെ ഉപദ്രവിക്കാം എന്നാണ് ചിന്തിക്കുന്ന സർക്കാറാണ്.എന്ത് കേസും കെട്ടിച്ചമച്ചുണ്ടാക്കാൻ തയറായി നിൽക്കുന്ന സർക്കാറാണ് ഇവിടെ ഉള്ളത്?'.അടൂര്‍ പ്രകാശ് പറഞ്ഞു.
നടിയെ ആക്രമിച്ച് കേസിൽ വിധിക്കെതിരെ സർക്കാർ അപ്പീലിന് പോകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വന്നത് അവസാനവിധി അല്ലെന്നും വി ഡി സതീശൻ പറഞ്ഞു. അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തെയും വി.ഡി സതീശൻ വിമർശിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വിൽപന ചരക്കാക്കി മാറ്റിയിരിക്കുകയാണെന്നും സോഷ്യൽ മീഡിയ അല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പ്രതികരിച്ചു.
അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ ദിലീപ് നിയമ നടപടിക്കൊരുങ്ങുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും പ്രത്യേക അന്വേഷണ സംഘം സർക്കാറിനെ തെറ്റിദ്ധരിപ്പിച്ചുവെന്നുമാണ് ദിലീപിന്റെ ആരോപണം. തന്നെയും കുടുംബത്തെയും സാമൂഹ്യമായി ഒറ്റപ്പെടുത്താന്‍ ശ്രമം നടന്നു. വിധി പകർപ്പ് ലഭിച്ച ശേഷം നിയമനടപടിയിലേക്ക് നീങ്ങുമെന്നും ദിലീപ് പറഞ്ഞു.
' ഗൂഢാലോചനക്കാർക്കെതിരെ നിയമനടപടി ആലോചിക്കുകയാണ്. കോടതി ഉത്തരവ് ലഭിച്ച ശേഷം തീരുമാനമെടുക്കും. മാധ്യമങ്ങളില്‍ തെറ്റായ വാർത്ത വരുത്തി സമൂഹത്തിന്റെ ശത്രുത തനിക്ക് നേരെ സൃഷ്ടിച്ചു. എസ്ഐടി സർക്കാറിനെ തെറ്റിദ്ധരിപ്പിച്ചു. ആറു പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്.ഇതിന് ശേഷം മുഖ്യമന്ത്രിയെ ചില ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചു. ഈ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
ദിലീപിനെ തിങ്കളാഴ്ചയാണ് കോടതി വെറുതെ വിട്ടത്. പള്‍സർ സുനി അടക്കം ആറ് പ്രതികള്‍ കുറ്റക്കാരാണെന്നും എറണാകുളം സെഷന്‍സ് കോടതി കണ്ടെത്തി.പ്രതികള്‍ക്കുള്ള ശിക്ഷ 12 ന് വിധിക്കും. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന , തെളിവ് നശിപ്പിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനെ വെറുതെ വിടന്നതായി ജഡ്ജി ഹണി എം വർഗീസ് ഉത്തരവിട്ടു.