കല്യാണപ്പിറ്റേന്ന് വധു സ്വര്‍ണവുമായി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി; വരനു ഹൃദയാഘാതം

കല്യാണപ്പിറ്റേന്ന് ഭര്‍ത്താവുമൊത്ത് ബാങ്കിലെത്തിയ യുവതി ബാങ്കില്‍ നിന്നിറങ്ങിയ ശേഷം കാത്തുനിന്ന കൂട്ടുകാരിക്കൊപ്പം സ്കൂട്ടറില്‍ കയറിപ്പോവുകയായിരുന്നു

Update: 2021-11-02 03:28 GMT
Editor : Nisri MK | By : Web Desk

കല്യാണപ്പിറ്റേന്ന് നവവധു സ്വര്‍ണാഭരണങ്ങളുമായി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി. ഭാര്യയെ കാണാതായതിനെ തുടര്‍ന്ന് നവവരന്‍ ഹൃദയാഘാതം മൂലം ആശുപത്രിയിലായി. തൃശൂരാണ് വീട്ടുകാരേയും പൊലീസുകാരേയും ഒരുപോലെ വട്ടം കറക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. ഒടുവില്‍ ചേര്‍പ്പ് പോലീസ് രണ്ടുപേരെയും മധുരയില്‍നിന്ന് കസ്റ്റഡിയിലെടുത്തു. 

കഴിഞ്ഞ മാസം 25ാം തിയതിയായിരുന്നു പഴുവില്‍ സ്വദേശിനിയായ 23കാരിയും ചാവക്കാട്ടുകാരനായ യുവാവിന്‍റേയും വിവാഹം നടന്നത്. വിവാഹത്തിന്‍റെ അന്നുരാത്രി സ്വന്തം വീട്ടില്‍ കഴിഞ്ഞ ശേഷം പിറ്റേന്ന് വിവാഹസമ്മാനമായി ലഭിച്ച സ്വര്‍ണവുമായാണ് വധു കടന്നുകളഞ്ഞത്.

Advertising
Advertising

കല്യാണപ്പിറ്റേന്ന് ഭര്‍ത്താവുമൊത്ത് ബാങ്കിലെത്തിയ യുവതി ബാങ്കില്‍ നിന്നിറങ്ങിയ ശേഷം കാത്തുനിന്ന കൂട്ടുകാരിക്കൊപ്പം സ്കൂട്ടറില്‍ കയറിപ്പോവുകയായിരുന്നു. ഭര്‍ത്താവിന്‍റെ ഫോണ്‍ വാങ്ങി ഉടനെ തിരിച്ചുവരാമെന്നു പറഞ്ഞാണ് സ്‌കൂട്ടറില്‍ രണ്ടുപേരും പോയത്. കാണാതായ ദിവസം വൈകീട്ട് അഞ്ചുവരെ ബാങ്കിനു സമീപം കാത്തിരുന്ന ഭര്‍ത്താവ് ചേര്‍പ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

മധുരയിലെത്തിയ യുവതികള്‍ രണ്ട് ദിവസം ലോഡ്ജില്‍ താമസിച്ചു. ഇതിന് ശേഷം ഇവിടെ പണം നല്‍കാതെ മുങ്ങിയതിനേത്തുടര്‍ന്ന് ലോഡ്ജുകാര്‍ യുവതികള്‍ മുറിയെടുക്കാനായി നല്‍കിയ ലൈസന്‍സിലെ നമ്പറില്‍ ബന്ധപ്പെട്ടതോടെയാണ് പൊലീസിനും കേസില്‍ പിടിവള്ളിയായത്. 

നവവധുവിന്‍റെ കൂട്ടുകാരി വിവാഹം കഴിഞ്ഞ് 16ാം ദിവസം ഭര്‍ത്താവില്‍ നിന്നു പിരിഞ്ഞു താമസിക്കുന്നയാളാണ്. സ്വതന്ത്രമായി ജീവിക്കാനാണ് നാടു വിട്ടതെന്നാണ് യുവതികള്‍ പറയുന്നത്. പണവും സ്വര്‍ണവും വേണ്ടിയിരുന്നതിനാലാണ് വിവാഹം ചെയ്തതെന്നും യുവതികള്‍ പൊലീസിനോട് വ്യക്തമാക്കി. ഇവരില്‍ നിന്ന് പതിനൊന്നര പവന്‍ സ്വര്‍ണം പൊലീസ് കണ്ടെടുത്തു. പെണ്‍കുട്ടികളെ കോടതിയില്‍ ഹാജരാക്കിയശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. ഹൃദയാഘാതത്തേ തുടര്‍ന്ന് ആശുപത്രിയിലായ നവവരന്‍ അപകടനില തരണം ചെയ്തതിട്ടുണ്ട്. 

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News