Writer - അൻഫസ് കൊണ്ടോട്ടി
anfas123
എ.കെ ബാലൻ Photo: MediaOne
തിരുവനന്തപുരം: ബിനോയ് വിശ്വത്തിന്റേത് അടിസ്ഥാനരഹിതമായ പ്രതികരണമെന്ന് സിപിഎം നേതാവ് എ.കെ ബാലൻ. വൈകാരികമായ പ്രതികരണമായിട്ടാണ് അദ്ദേഹത്തിന്റെ സംസാരത്തെ കണക്കാക്കുന്നതെന്നും വൈകാതെ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എ.കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
'കേരളത്തിലെ ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ തലയും ഹൃദയവുമാണ് സിപിഐഎം ഉം സിപിഐയും. ആ ബന്ധം അറ്റുപോകുമെന്ന് ആരും കരുതരുത്. അടൂർ പ്രകാശ് സി പി ഐ യെ സ്വാഗതം ചെയ്തതിന്റെ അർഥം യുഡിഎഫ് ദുർബലമാണ് എന്നാണ്.' എ.കെ ബാലൻ വിശദമാക്കി.
'ആരോഗ്യ മേഖലയിലും, ഉന്നത വിദ്യാഭ്യാസ മേഖലയിലും കേന്ദ്ര ഫണ്ട് വാങ്ങിക്കൊണ്ട് ഉത്തരവാദപ്പെട്ട മന്ത്രിമാർ ചെയ്തതിന്റെ തുടർച്ചയാണ് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ ശ്രമങ്ങൾ. ആ വിഷയം ക്യാബിനറ്റ് ചർച്ച ചെയ്തിരുന്നു. ' ചർച്ച ചെയ്ത കാര്യങ്ങളെ കുറിച്ചെല്ലാം എം.എ ബേബിക്ക് അറിയാമായിരുന്നുവെന്നും പിഎം ശ്രീയിൽ ഒപ്പിട്ട കാര്യം അറിഞ്ഞിട്ടുണ്ടോ എന്നറിയില്ലായെന്നും ബാലൻ വ്യക്തമാക്കി.
നേരത്തെ, പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാരിന്റെ നീക്കത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എൽഡിഎഫിൽ നിന്ന് തങ്ങളിത് പ്രതീക്ഷിച്ചിരുന്നില്ല. പദ്ധതിയിൽ ഒപ്പുവച്ചതിന് പിന്നാലെ ആദ്യം പിന്തുണച്ചത് ബിജെപിയും എബിവിപിയും ആർഎസ്എസുമാണെന്നും ഒപ്പിട്ടതിന് പിന്നിൽ എന്തൊക്കെയോ ഉണ്ടെന്ന് അതിൽ നിന്ന് വ്യക്തമാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.
ഇത്രയേറെ ഗൗരവമേറിയ വിഷയത്തിൽ ഒപ്പിടുമ്പോൾ ഘടകക്ഷികളെ അറിയിക്കാത്തതിന്റെ യുക്തി മനസിലാകുന്നില്ല. അതുകൊണ്ടാണ് സിപിഐ ആവശ്യമായ ചർച്ചകളും സമ്മതങ്ങളും ആവശ്യപ്പെട്ടത്. എന്തിനാണ് അനാവശ്യമായ തിരക്ക് കാണിച്ചതെന്ന് എല്ലാവർക്കും അറിയണമെന്നും ബിനോയ് വിശ്വം പറഞ്ഞു.