യുഎപിഎ കേസിൽ പ്രതിയായ ഒരാൾ ഇവിടെ ജീവിക്കരുത് എന്നതാണ് പിണറായിയുടെ പൊലീസിന്റെ സമീപനം; സ്ഥിരം പ്രശ്‌നക്കാരനെന്ന് ഭീതി പരത്താൻ ശ്രമിക്കുന്നു: അലൻ ഷുഹൈബ്

കിടപ്പാടമില്ലാത്ത അവസ്ഥയിലേക്കാണ് പൊലീസ് തന്നെ തള്ളിവിടാൻ ഉദ്ദേശിക്കുന്നത് എങ്കിൽ നിയമ, സമര മാർഗത്തിലൂടെ മുന്നോട്ടുപോകാൻ നിബന്ധിതനാകുമെന്നും അലൻ പറഞ്ഞു.

Update: 2025-07-30 10:40 GMT

കോഴിക്കോട്: യുഎപിഎ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയിട്ടും കേരള പൊലീസ് ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്. കൊച്ചിയിൽ താൻ താമസിക്കുന്ന സ്ഥലത്തും കൂട്ടുകാർക്കിടയിൽ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പ്രചരിപ്പിച്ച് സ്വൈരജീവിതം ഇല്ലാതാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് അലൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

താൻ ഇപ്പോൾ യുഎപിഎ കേസിൽ ജാമ്യത്തിൽ ആണ്. സുപ്രിംകോടതി അടക്കം ശരിവെച്ചതാണ് തന്റെ ജാമ്യം. നിലവിൽ ജാമ്യവ്യവസ്ഥകൾ എല്ലാം തന്നെ പാലിച്ചുകൊണ്ടാണ് ഞാൻ ജീവിച്ചുപോരുന്നത്. എൻഐഎ കോടതിയിൽ നിലവിൽ വിചാരണ അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ മാർച്ച് മുതൽ എറണാകുളം അഡ്വക്കേറ്റ് തുഷാറിന്റെ ഓഫീസിൽ ജോലി ചെയ്യുകയാണ്. കേസിന്റെ വിചാരണയും സപ്ലിമെന്ററി പരീക്ഷ എഴുതി തീരുന്നത് വരെയും വെറുതെ ഇരിക്കണ്ട എന്നതുകൊണ്ടാണ് എറണാകുളത്തേക്ക് പോന്നത്. നല്ല രീതിയിൽ കേസുകളും കാര്യങ്ങളും പഠിക്കാൻ തനിക്ക് സാധിക്കുന്നുമുണ്ട്. കോഴിക്കോട് തന്നെ നിൽക്കാനാണ് താത്പര്യം എങ്കിലും മാസത്തിൽ 10 മുതൽ 20 ദിവസം വരെ എറണാകുളം നിൽക്കേണ്ടി വരുന്നതിനാൽ ഒരു ജോലിക്ക് പോവുക എന്നത് വളരെ പ്രയാസം ഉള്ള കാര്യമായിരുന്നു. സുഹൃത്തുക്കൾ എല്ലാം പ്രാക്ടീസ് ചെയ്ത് തുടങ്ങിയിട്ടും തനിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.

Advertising
Advertising



ജോലിക്കായി അങ്ങോട്ട് പോകുന്നതിന് മുന്നേ തന്നെ വിചാരണയുടെ ആവശ്യത്തിനായി സുഹൃത്തുക്കളുടെ റൂമിലൊക്കെയാണ് താമസിച്ചത്. ഇപ്പോൾ സ്വന്തമായി റൂം എടുത്താണ് താമസിക്കുന്നത്. പക്ഷെ കഴിഞ്ഞ ജനുവരി മുതൽ തന്നെ വീടിന്റെ തൊട്ട് മുന്നിലുള്ള വീട്ടിലും, സുഹൃത്തുക്കളുടെ റൂമിലും, കഴിഞ്ഞ മാസം താമസിച്ച വീട്ടിലും മഫ്തിയിൽ ഉള്ള പൊലീസുകാർ പോവുകയും തന്നെ സൂക്ഷിക്കണം എന്നും താൻ പ്രശ്‌നകാരനാണെന്നും പറഞ്ഞ് ശല്യം ചെയ്യുകയാണ്. തുടർന്ന് റൂമുകളിൽ നിന്ന് ഇറക്കി വിടുകയോ, ആളുകളിൽ നിന്ന് അകലം സൃഷ്ടിക്കുകയോ ചെയ്തു.

യുഎപിഎ കേസിൽ പ്രതി ആയ ഒരാൾ ഇവിടെ ജീവിക്കരുത് എന്ന തരത്തിലാണ് പിണറായിയുടെ പൊാലീസ് സമീപിക്കുന്നത്. തീർച്ചയായും അവർ ഇത് നിഷേധിക്കും. ശല്യം ചെയ്യലും അതിന്റെ പേരിൽ ആളുകൾ ഭയന്ന് മാറി നടക്കുന്നതും ഇപ്പോൾ നല്ല രീതിയിൽ മാനസികമായും ബാധിക്കുന്നുണ്ട്. ഒരു കേസിൽ പ്രതിചേർക്കപ്പെട്ടു എന്നതുകൊണ്ട് ഒരാളെ നിരന്തരം ശല്യം ചെയ്യുകയും അപകീർത്തികരമായ കാര്യങ്ങൾ പറഞ്ഞു പരത്തുക എന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല. കഴിഞ്ഞ ദിവസം ഹൈക്കോടതി ഒരാളെ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിന് കൃത്യമായ നിർദേശങ്ങളും താക്കീതും നൽകിയത് ഈ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ്. കിടപ്പാടമില്ലാത്ത അവസ്ഥയിലേക്കാണ് പൊലീസ് തന്നെ തള്ളിവിടാൻ ഉദ്ദേശിക്കുന്നത് എങ്കിൽ നിയമ, സമര മാർഗത്തിലൂടെ മുന്നോട്ടുപോകാൻ നിബന്ധിതനാകുമെന്നും അലൻ കുറിപ്പിൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News