Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കണ്ണൂർ: കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശുവിന് ചികിത്സാ പിഴവെന്ന ആരോപണത്തിൽ പൊലീസ് കേസെടുത്തു. കുടുംബത്തിന്റെ പരാതിയിൽ കുഞ്ഞിനെ പരിശോധിച്ച ഡോക്ടർ, നഴ്സിങ് സ്റ്റാഫ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയെന്നായിരുന്നു പരാതി. കുഞ്ഞിന്റെ അച്ഛൻ ശ്രീജുവിന്റെ പരാതിയിലാണ് പരിയാരം പൊലീസ് കേസെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു.
2024 ഡിസംബർ 24ന് ജനിച്ച പെൺകുട്ടിക്ക് തൊട്ടടുത്ത ദിവസം ഹെപ്പറ്റയ്റ്റിസ് വാക്സിനേഷൻ നൽകുന്നതിനിടെ ഡോക്ടറുടെയും നഴ്സിന്റെയും ഭാഗത്ത് പിഴവ് സംഭവിച്ചു എന്നാണ് പരാതി. വാക്സിൻ നൽകാൻ ഉപയോഗിച്ച 3.7 സെന്റി മീറ്റർ സൂചി കുട്ടിയുടെ തുടയിൽ കുടുങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം. കുട്ടി അസഹനീയമായ വേദന പ്രകടിപ്പിച്ചതോടെ മാതാപിതാക്കൾ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ സൂചി കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്.
പരാതിയിൽ പരിയാരം മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. കുഞ്ഞിനെ ചികിൽസിച്ച ഡോക്ടർക്കും സ്റ്റാഫിനും എതിരെയാണ് ബിഎൻഎസ് 125 (a) പ്രകാരം കേസെടുത്തത്. സംഭവത്തിൽ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രത്യേക സമിതിക്കാണ് അന്വേഷണ ചുമതല. ഡെപ്യുട്ടി സൂപ്രണ്ട് ചെയർമാനായ സമിതിയിൽ പീഡിയാട്രിക് സർജറി, സർജറി വിഭാഗം മേധാവിമാരും ആർഎംഒയും അംഗങ്ങളാണ്. എന്നാൽ വാക്സിൻ നൽകാൻ ഇത്തരം സൂചികൾ ഉപയോഗിക്കാറില്ലന്നാണ് മെഡിക്കൽ കോളജ് നൽകുന്ന വിശദീകരണം. തെറ്റ് പറ്റിയെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു.