ഒരുവയസുകാരിയുടെ ദേഹത്ത് മുറിവേറ്റ പാടുകൾ, ഡേ കെയറിനെതിരെ പരാതി നൽകിയിട്ടും കേസെടുത്തില്ല; പേരൂർക്കട പൊലീസ് സ്റ്റേഷനെതിരെ വീണ്ടും ആരോപണം

ഡേ കെയറിനെ സംരക്ഷിക്കുന്ന നിലപാടാണ് പേരൂർക്കട പൊലീസ് സ്വീകരിച്ചതെന്നും കുഞ്ഞിന്റെ അമ്മ മീഡിയവണിനോട്

Update: 2025-05-23 03:04 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: പേരൂർക്കട പൊലീസിനെതിരെ വീണ്ടും ആരോപണം. ഒരു വയസുകാരിയായ കുഞ്ഞ് ഡേ കെയറിൽ പോയി തിരികെ വന്നപ്പോൾ, ശരീരത്തിൽ മുറിവേറ്റ പാടുകൾ കണ്ട സംഭവത്തിൽ പരാതി കൊടുത്തിട്ട് പൊലീസ് ഗൗരവമായി എടുത്തില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഡേ കെയറിനെ സംരക്ഷിക്കുന്ന നിലപാടാണ് പേരൂർക്കട പൊലീസ് സ്വീകരിച്ചതെന്നും കുഞ്ഞിന്റെ അമ്മ മീഡിയവണിനോട് പറഞ്ഞു.സംഭവത്തിൽ മുഖ്യമന്ത്രിക്കും വനിതാശിശു വികസന വകുപ്പ് മന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

പേരൂർക്കട സ്വദേശികളായ ദമ്പതികൾ കഴിഞ്ഞമാസം പതിനേഴാം തീയതി ഒരു വയസ്സുള്ള കുഞ്ഞിനെ വീടിനു സമീപത്തെ ഡേ കെയറിലാക്കി. വൈകിട്ട് കുഞ്ഞിനെ വിളിക്കാൻ എത്തിയപ്പോൾ കണ്ട കാഴ്ച കുഞ്ഞിന്‍റെ ശരീരമാസകലം പാടുകൾ. ഇക്കാര്യം ആദ്യം ഡേ കെയർ അധികൃതരോട് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് കുഞ്ഞിൻറെ അമ്മ പറഞ്ഞു. പിന്നാലെ അന്ന് തന്നെ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തി ഇക്കാര്യം പറഞ്ഞു. കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി മോശമായതിനാൽ എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പതിനെട്ടാം തീയതി പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി പരാതി കൊടുത്തു. അപ്പോഴും പൊലീസ് നിസ്സംഗത പാലിച്ചന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

Advertising
Advertising

മാസം ഒന്ന് കഴിഞ്ഞിട്ടും ഈ സംഭവവുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടികളും മുന്നോട്ട് ഉണ്ടായില്ലെന്നും  കുടുംബം പറയുന്നു. ഡേ കെയറിനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും പരാതിക്കാരി പറയുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ചുമത്തിയത് ദുർബല വകുപ്പാണ്.

ഡേ കെയറിൽ വച്ച് കുഞ്ഞിന് എന്ത് സംഭവിച്ചു എന്നതിനും അധികൃതർക്ക് കൃത്യമായ മറുപടിയില്ല. കുഞ്ഞിന്‍റെ കൈയിലും വയറിലും പുറത്തും മുറിവേറ്റത്തിന്റെ പാടുകൾ ഉണ്ട്. സംഭവം പുറത്തറിയാതിരിക്കാൻ അധികൃതർ പണം വാഗ്ദാനം ചെയ്തന്നും കുടുംബം പറയുന്നു.

സംഭവത്തിൽ പേരൂർക്കട പൊലീസിനെതിരെയും ഡേ കെയർ അധികൃതർക്കെതിരെയും കൂടുതൽ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്‍റെ തീരുമാനം. അതേസമയം, കുഞ്ഞിന്‍റെ ശരീരത്തിൽ നേരത്തെ പാടുകൾ ഉണ്ടായിരുന്നു എന്നാണ് ഡേ കെയറിന്റെ വിശദീകരണം.അതേസമയം, അന്വേഷണം നടക്കുന്നു എന്നുമാത്രമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News