നിയമസഭാ സ്പീക്കറെ അപമാനിച്ചുവെന്ന് ആരോപണം; ആറു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട പ്രതികരണത്തിന്റെ പേരിലാണ് നടപടി.

Update: 2025-05-17 12:40 GMT

തിരുവനന്തപുരം: നിയമസഭാ സ്പീക്കറെ അപമാനിച്ചുവെന്ന് ആരോപിച്ച് നിയമസഭയിലെ ആറ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട പ്രതികരണത്തിന്റെ പേരിലാണ് നടപടി.

നിയമസഭാ ലൈബ്രറിയിലെ ജീവനക്കാർക്ക് ഇ-ഓഫീസ് ലോഗിൻ അനുവദിച്ചത് ചോദ്യം ചെയ്തവർക്കെതിരെയാണ് നടപടി. സെക്ഷൻ വിഭാഗത്തിലെ ഇരുന്നൂറോളം വരുന്ന ജീവനക്കാർ രാജി ഭീഷണിയടക്കം ഉയർത്തി മുന്നോട്ട് വന്നിരുന്നു. ഇതിന് പിന്നാലെ സ്പീക്കറുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങളടങ്ങിയ കുറിപ്പ് വാട്‌സ്ആപ്പിൽ ഇട്ടിരുന്നു. ഇത് തന്നെയും ഓഫീസിനെയും അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ചാണ് സ്പീക്കർ എ.എൻ ഷംസീർ ആറ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി ഉത്തരവിറക്കിയത്.

Advertising
Advertising

സെക്ഷൻ ഓഫീസർ ശ്രീപ്രിയ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ വിവേക് എസ്, സീനിയർ ഗ്രേഡ് അസിസ്റ്റന്റുമാരായ രോഹിണി ജെ എസ്, സഫീർ കെ, അരവിന്ദ് ജി.പി നായർ, വിഷ്ണു എം.എം എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

സ്പീക്കർക്ക് തെറ്റിദ്ധാരണയുണ്ടെന്നും സർവീസ് സംഘടനയുടെ നേതാക്കൾ കാര്യങ്ങൾ ധരിപ്പിച്ചതിലും പിഴവുപറ്റിയിട്ടുണ്ട് എന്നുമാണ് കുറിപ്പിൽ പരാമർശമുള്ളത്. ഇതാണ് തന്നെയും ഓഫീസിനെയും അപകീർത്തിപ്പെടുത്തുന്നതാണെന്ന് സ്പീക്കർ പറഞ്ഞത്. പരിശോധിച്ച് കാര്യങ്ങൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സ്പീക്കർ വ്യക്തമാക്കി.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News