കണ്ണൂർ സർവകലാശാലയിൽ ഗവർണർ നടത്തിയ ഫാക്കൽറ്റി ഡീൻ നിയമനങ്ങൾ ചട്ടവിരുദ്ധമെന്ന് ആരോപണം
യുഡിഎഫ് സെനറ്റേഴ്സ് ഫോറം പരാതി നൽകി
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ ഗവർണർ നടത്തിയ ഫാക്കൽറ്റി ഡീൻ നിയമനങ്ങൾ ചട്ടവിരുദ്ധമെന്ന് ആരോപണം. യുഡിഎഫ് സെനറ്റേഴ്സ് ഫോറം ആണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്.നിയമനങ്ങൾ റദ്ദ് ചെയ്ത് തുടർനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന ചാൻസിലർക്ക് പരാതി നൽകി.
ഇക്കഴിഞ്ഞ മെയ് മൂന്നാം തീയതിയാണ് 10 വിഷയങ്ങളിലെ ഫാക്കൽറ്റി ഡീനുകളെ നിയമിച്ചുകൊണ്ട് സർവകലാശാല ചാൻസിലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്തരവിറക്കിയത്. ഉത്തരവിന് പിന്നാലെ ആരോപണവും ഉയർന്നു. അനർഹരായവർ നിയമനം നേടി എന്നാണ് പരാതി.
നിയമനങ്ങൾ സർവകലാശാല സ്റ്റാറ്റ്യൂട്ടിന് വിരുദ്ധമാണെന്ന് യുഡിഎഫ് സെനറ്റേഴ്സ് ഫോറം ആരോപിക്കുന്നു. സ്റ്റാറ്റ്യൂട്ട് പ്രകാരം സർവകലാശാല വകുപ്പുകളിൽ നിന്നുള്ള പ്രൊഫസർമാർക്കാണ് ഫാക്കൽറ്റി ഡീൻ ആകുവാൻ യോഗ്യതയുള്ളത്. നിലവിൽ രൂപീകരിച്ച 10 ഫാക്കൽറ്റി ഡീൻ നിയമനങ്ങളാകട്ടെ സർവകലാശാലയ്ക്ക് പുറത്തുനിന്നുള്ള പ്രൊഫസർമാരും വിരമിച്ചവരുമാണ്. ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് സംഘടന പറയുന്നു. നിലവിൽ നൽകിയ നിയമനങ്ങൾ റദ്ദ് ചെയ്ത് ചട്ടപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കണം എന്നാണ് യുഡിഎഫ് സെനറ്റേഴ്സ് ഫോറത്തിൻ്റെ ആവശ്യം.