Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് രണ്ടു പേര്‍ കൂടി മരിച്ചതായി ആരോഗ്യവകുപ്പ്. തിരുവന്തപുരം മുട്ടത്തറ സ്വദേശിയായ 52 വയസ്സുകാരിയും കൊല്ലം വെള്ളിനല്ലൂര്‍ സ്വദേശിയായ 91 വയസുകാരനുമാണ് മരിച്ചത്.
ഈ മാസം 11 ന് ആയിരുന്നു ഇരുവരുടെയും മരണം. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. ഇന്നലെ രണ്ടുപേര്‍ക്കും കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, രോഗബാധ ആദ്യം ജലായശങ്ങളില്‍ കുളിച്ചവർക്കായിരുന്നെങ്കിൽ പിന്നീട് വീട്ടിൽ നിന്ന് കുളിച്ചവരും രോഗബാധിതരായി.പ്രതിരോധ മാർഗങ്ങളിലും അവ്യക്തത തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു.
കുളത്തിലും നീന്തല്‍ക്കുളത്തിലും നീന്തുമ്പോള്‍ ശക്തമായി മൂക്കില്‍ വെള്ളം കയറുമ്പോഴാകാം രോഗകാരണമായ അമീബ ശരീരത്തിലേക്ക് പ്രവേശിക്കുന്നതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഒരു കുളത്തിലും കുളിക്കാത്ത മൂന്നു മാസമുള്ള കുട്ടിയും വീട്ടില്‍ മാത്രം കുളിച്ചവർക്കും രോഗം വന്നതോ സാഹചര്യം മാറി. രോഗ ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും മരണ നിരക്ക് കുറഞ്ഞതാണ് ഏക ആശ്വാസം.
രാജ്യാന്തര തലത്തില്‍ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ മരണ നിരക്ക് 97 ശതമാനമാണ്. എന്നാല്‍ കേരളത്തിലെ മരണ നിരക്ക് 24 ശതമാനം മാത്രമാണ്. എങ്ങനെ രോഗ ബാധ തടയാം എന്നതിലും വ്യക്തയുള്ള ഉത്തരങ്ങളില്ല.
നീന്തുമ്പോഴും ജലാശയത്തില്‍ കുളിക്കുമ്പോവും മൂക്കില്‍ വെള്ളം കയറാതെ സൂക്ഷിക്കാം എന്നത് നടപ്പാക്കാമെന്നതാണ് പൊതുവായ നിർദേശം.വീട്ടിലെ ഷവറില്‍ കുളിച്ചവർക്കും രോഗബാധയുണ്ടായെന്ന സംശയം നിലനില്‍ക്കെ പ്രതിരോധ മാർഗങ്ങള്‍ വ്യക്തതയുള്ളതാകണം. സ്വിമ്മിങ് പൂള്‍ ക്ലോറിനേറ്റ് ചെയ്യാം, കുളങ്ങളിലും തോടുകളിലും അത് ചെയ്യാനാകില്ല. പിന്നെ എങ്ങനെ അമീബ ബാധയില്‍ നിന്ന് എങ്ങനെ മുക്തരാകാമെന്ന ചോദ്യവും ബാക്കിയാകുന്നു.