'എഫ്.ഡി.പി പദ്ധതിയിൽ ചട്ടലംഘനം'; പ്രിയ വർഗീസിനെതിരെ വീണ്ടും പരാതി

ഗവേഷണ കാലയളവിലെ പ്രിയ വര്‍ഗീസിന്‍റെ ശമ്പളം തിരിച്ചു പിടിക്കണമെന്നും കെ.പി.സി.ടി.എ ആവശ്യപ്പെട്ടു.

Update: 2022-08-20 05:16 GMT
Advertising

കണ്ണൂർ സർവകലാശാല വിവാദങ്ങള്‍ക്കിടെ പ്രിയ വർഗീസിനെതിരെ വീണ്ടും പരാതി. എഫ്.ഡി.പി പദ്ധതിയിൽ ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.ടി.എ ആണ് യു.ജി.സിയെ സമീപിച്ചത്. ഗവേഷണ കാലയളവിലെ ശമ്പളം തിരിച്ചു പിടിക്കണമെന്നും കെ.പി.സി.ടി.എ ആവശ്യപ്പെട്ടു.

അതേസമയം കണ്ണൂർ വി.സിക്കെതിരെ ആരോപണമുന്നയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും രംഗത്തെത്തി. ഗോപിനാഥ് രവീന്ദ്രന്‍റെ പ്രവർത്തനം വി.സിക്ക് യോജിക്കാത്തതാണെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. വി.സിയുടെ പ്രവർത്തനം പാർട്ടി കേഡറെപ്പോലെയെന്നും സർവകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനും കണ്ണൂർ യൂണിവേഴ്സിറ്റിക്കുമെതിരെ തുറന്ന പോർമുഖം കടുപ്പിക്കുകയാണ് ഗവര്‍ണർ. നേരത്തെ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ തീരുമാനം മരവിപ്പിച്ചതിനെതിരെ ആർക്കും കോടതിയെ സമീപിക്കാമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു.

കണ്ണൂർ സർവകലാശാല വിവാദങ്ങൾ നിലനിൽക്കെ ഗവർണർക്കെതിരെ നീക്കവുമായി കേരള സർവകലാശാലയും രംഗത്തെത്തി. വി.സിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മറ്റി രൂപീകരിച്ചത് ഏകപക്ഷീയമായെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ. ഗവർണർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ഇത് സംബന്ധിച്ച കാര്യം ഇന്ന് ചേരുന്ന സെനറ്റ് യോഗം ചർച്ച ചെയ്യും.വൈസ് ചാൻസിലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മറ്റി രൂപീകരിക്കുന്നത് ഗവർണറുടെയും സർവകലാശാലയുടെയും യു.ജി.സിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തിയാണ്. എന്നാൽ ചാൻസലറുടെ പ്രതിനിധിയെയും യുജിസി പ്രതിനിധിയെയും മാത്രം ഉൾപ്പെടുത്തിയാണ് ഗവർണർ കമ്മിറ്റി രൂപീകരിച്ചത്. സർവകലാശാല പ്രതിനിധിയെ സമയത്ത് നിശ്ചയിക്കാത്തതിനാലായിരുന്നു ഈ നീക്കം. പിന്നീട് തീരുമാനിക്കുന്ന മുറയ്ക്ക് സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്താമെന്നും രാജ്ഭവൻ അറിയിച്ചു. എന്നാൽ സർവകലാശാലയുടെ പ്രതിനിധി ഇല്ലാതെ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധം എന്നാണ് സർവകലാശാലയ്ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News