എസ്ഡിപിഐ നേതാവ്‌ കെ.എസ്. ഷാൻ വധക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ

ഇയാളാണ് പ്രതികളെ ആംബുലൻസിൽ എത്തി രക്ഷപ്പെടുത്തിയത്

Update: 2021-12-22 16:06 GMT
Advertising

ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ വധക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. ചേർത്തല സ്വദേശി അഖിലാണ് പിടിയിലായത്. ഇയാളാണ് പ്രതികളെ ആംബുലൻസിൽ എത്തി രക്ഷപ്പെടുത്തിയത്. ഷാനെ ഇടിച്ചിട്ട കാർ കണിച്ചുകുളങ്ങരയിൽ ഉപേക്ഷിച്ച ശേഷം പ്രതികൾ ആംബുലൻസിൽ രക്ഷപ്പെടുകയായിരുന്നു. കൊലക്ക് മുമ്പ് ഷാനെ ഇടിച്ചുവീഴ്ത്തിയ കാർ കാണിച്ചുകുളങ്ങരയിൽ നിന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ഫോറൻസിക് വിദഗ്ധർ കാർ പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ചിട്ടുമുണ്ട്.

അതേസമയം, രഞ്ജിത്ത് വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. ഇന്നലെ പിടികൂടിയ മണ്ണഞ്ചേരി സ്വദേശികളായ ആസിഫ്, നിഷാദ്, അലി, സുധീർ, അർഷാദ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. രഞ്ജിത്ത് വധത്തിൽ ഇവർക്ക് വ്യക്തമായ പങ്കുണ്ടെന്ന് പൊലിസ് പറയുന്നു. പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന നാലു ബൈക്കുകൾ പൊലിസ് കസ്റ്റഡിയിൽ എടുത്തു. ഒരു വാഹനത്തിൽ ചോരക്കറ കണ്ടെത്തിയിട്ടുണ്ട്. വാഹനം ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധിച്ചു. രരഞ്ജിത്ത് വധക്കേസിൽ ചോദ്യം ചെയ്യാനായി മണ്ണഞ്ചേരി പഞ്ചായത്തംഗവും എസ്.ഡി.പി.ഐ നേതാവുമായ നവാസ് നൈനയെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചിരുന്നു. എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രവർത്തകർ രണ്ടു ദിവസമായി കരുതൽ കസ്റ്റഡിയിലാണ്. ആർ.എസ്.എസ്-എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ പ്രതികൾക്കായി വ്യാപക പരിശോധന നടക്കുന്നുണ്ട്.

കെ.എസ് ഷാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്താലാണെന്ന് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. രാജേന്ദ്ര പ്രസാദ് ഉൾപ്പെടെ അഞ്ചോളം പേർ ചേർന്നാണ് കൊലപാതകം നടത്തിയതെന്നും പറഞ്ഞു. കേസിൽ അറസ്റ്റിലായ രാജേന്ദ്ര പ്രസാദ്, രതീഷ് എന്നീ പ്രതികളെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ആർ.എസ്.എസ് പ്രവർത്തകരാണ് ഇരുവരും. ആർ.എസ്.എസ് ആലപ്പുഴ ജില്ലാ കാര്യാലയത്തിൽ നിന്നാണ് രാജേന്ദ്ര പ്രസാദിനെയും രതീഷിനെയും പൊലിസ് കസ്റ്റഡിയിലെടുത്തത്. കൊല ആസൂത്രണം ചെയ്തത് താനാണെന്ന് രാജേന്ദ്ര പ്രസാദ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. കൊലയാളി സംഘത്തിനെ ഏകോപിപ്പിച്ചതും വാഹനം ഏർപ്പാടാക്കിയതും ഇയാളാണ്. കൊച്ചുകുട്ടൻ എന്ന വെണ്മണി സ്വദേശി രതീഷാണ് വാഹനം സംഘത്തിനെത്തിച്ചു നൽകിയത്.

അതേസമയം, ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഉന്നത ഗൂഢാലോചന പൊലിസ് സ്ഥിരീകരിച്ചിരിക്കുകയാണ്. രഞ്ജിത്ത് കൊലപാതകക്കേസിൽ ഇന്നലെ അറസ്റ്റിലായ അഞ്ചുപേർ കൊലയാളി സംഘത്തെ സഹായിച്ചവരാണ്. രണ്ടു കേസുകളിലെയും പ്രധാന പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി എഡിജിപി വിജയ് സാഖറെ പറഞ്ഞിട്ടുണ്ട്. രണ്ടുകേസുകളിലും, കൃത്യം നടത്തിയ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. ഇതിനായി എസ്ഡിപിഐ-ആർഎസ്എസ് പ്രവർത്തകരുടെ വീടുകളിൽ പരിശോധന തുടരുന്നുണ്ട്. പ്രതികൾക്കായി അന്വേഷണം ഊർജിതമാണെന്ന് പൊലിസ് അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ നീട്ടാനാണ് സാധ്യത. ജില്ലയിൽ പൊലിസിന്റെ കർശന പരിശോധന തുടരുകയാണ്.

Another man in custody in Alappuzha KS Shan murder case

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News