നാട്ടുകാര്‍ക്ക് തലവേദനയായപ്പോള്‍ അടച്ചുപൂട്ടി; പ്രേമം പാലത്തിന്‍റെ പൂട്ട് തകര്‍ത്ത് സാമൂഹ്യവിരുദ്ധര്‍
പ്രേമം സിനിമ ചിത്രീകരിച്ചതിലൂടെയാണ് ഈ പാലത്തിന് പ്രേമം പാലം എന്ന പേര് വന്നത്
ആലുവ: സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലം ഇറിഗേഷൻ വകുപ്പ് അടച്ച ആലുവ തോട്ടക്കാട്ടുകര പ്രേമം പാലം സാമൂഹ്യദ്രോഹികൾ പൂട്ട് തകർത്ത് തുറന്നു. പ്രേമം സിനിമ ചിത്രീകരിച്ചതിലൂടെയാണ് ഈ പാലത്തിന് പ്രേമം പാലം എന്ന പേര് വന്നത്.
പ്രേമം പാലത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരും അനാശാസ്യ പ്രവർത്തകരും തമ്പടിക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് മൂന്നാഴ്ച മുമ്പ് പാലം അടച്ചത്. എന്നാൽ കഴിഞ്ഞ ദിവസം അടച്ച ഗേറ്റുകൾ സാമൂഹ്യദ്രോഹികൾ തകർത്തു. ഇറിഗേഷൻ വകുപ്പിൻ്റെ പരാതിയിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രേമം സിനിമ ഹിറ്റായപ്പോള്‍ കൂടെ ഹിറ്റായതാണ് ആലുവയിലെ അക്വാഡക്ട് പാലം. സിനിമയില്‍ ജോര്‍ജ് ,മേരിയെ വളയ്ക്കാന്‍ ചുറ്റിത്തിരിയുന്ന ഈ പാലം പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചിരുന്നു. പാലം കാണാന്‍ ദൂരെ ദിക്കില്‍ നിന്ന് പോലും ആളുകളെത്തിയിരുന്നു. പാലം വിനോദസഞ്ചാര കേന്ദ്രമാക്കാനുളള ജില്ലാ പഞ്ചായത്തിന്‍റെ ശ്രമവും ഇതുവരെ ഫലവത്തായിയില്ല. പിന്നീട് സ്ലാബുകളടര്‍ന്നും കാടുകയറിയും നശിച്ചുതുടങ്ങിയ പാലം സാമൂഹ്യവിരുദ്ധര്‍ക്ക് താവളമാവുകയായിരുന്നു.
ഉളിയന്നൂർ പെരിയാർവാലി അക്വഡേറ്റ് 1965-ലാണ് നിലവിൽ വന്നത്. ഭൂതത്താൻകെട്ട് അണക്കെട്ടിൽനിന്ന് കനാലിലൂടെ പമ്പ് ചെയ്യുന്ന വെള്ളം ആലുവയിലെത്തിയശേഷം അവിടെനിന്ന് പറവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തിൽ ആലുവയിൽനിന്ന് അക്വാഡക്ടിലേക്ക് വെള്ളം പമ്പ് ചെയ്ത് നോക്കിയെങ്കിലും വിജയിച്ചില്ല.