പുരാവസ്തു തട്ടിപ്പ് കേസ്: കെ.സുധാകരന്റെ അറസ്റ്റ് തടഞ്ഞു

ഈ മാസം 21 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി

Update: 2023-06-16 08:10 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അറസ്റ്റ് തടഞ്ഞു.ഈ മാസം 21 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി. കെ.സുധാകരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഈ മാസം 21ന് ഹരജി വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവിട്ടിരുന്നത്. 

പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാംപ്രതിയാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്.  23 ന്  ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറസ്റ്റിനുള്ള സാധ്യത ഉണ്ടെന്നും സുധാകരൻ ഇന്ന് കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് കോടതി തേടിയപ്പോൾ  സുധാകരൻ സത്യസന്ധനാണെങ്കിൽ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലല്ലോ  എന്നായിരുന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ മറുപടി. അറസ്റ്റിനുള്ള സാധ്യത സർക്കാർ തള്ളാതെയാണ് ഇന്ന് കോടതിയിൽ മറുപടി നൽകിയത്. സുധാകരന്റെ ഹരജി ഫയലിൽ സ്വീകരിച്ച കോടതി വിശദമായ വാദം കേൾക്കുന്നതിനായി കേസ് ബുധനാഴ്ചയിലേക്ക് മാറ്റി.അതുവരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കരുതെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ നിർദേശിച്ചു.

കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ കൂടുതൽ തെളിവുകൾ പരാതിക്കാർ ഇന്ന് കൈമാറിയേക്കും. കെ സുധാകരനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചാൽ വിശദമായ തുടരന്വേഷണത്തിലേക്ക്  കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ക്രൈംബ്രാഞ്ച്  സംഘം ഉടൻ നോട്ടീസ് നൽകും. ഐജി ലക്ഷ്മൺ, റിട്ടയേഡ്ഡി ഐജി എസ് സുരേന്ദ്രൻ എന്നിവർക്കാണ് അന്വേഷണസംഘം നോട്ടീസ് നൽകുക.




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News