ജമാഅത്തുകാർ അഞ്ചു തവണ എന്‍റെ ജീവൻ അപായപ്പെടുത്താൻ ശ്രമിച്ചു, ദണ്ഡ് കൊണ്ട് തലക്കടിച്ചു: ആരിഫ് മുഹമ്മദ് ഖാൻ

ഡൽഹി ജാമിഅ മില്ലിയയിൽ ജമാഅത്ത് യുവജന വിഭാഗം പ്രവർത്തകർ ദണ്ഡ് കൊണ്ട് തന്റെ തലക്കടിച്ചതായി ഗവര്‍ണര്‍ പറഞ്ഞു. ജമാഅത്തെ ഇസ്‍ലാമിക്ക് പക്ഷേ, ഡൽഹിയിൽ യുവജന വിഭാഗം പ്രവർത്തിക്കുന്നില്ല

Update: 2022-11-10 08:22 GMT
Advertising

ജമാഅത്തെ ഇസ്‍ലാമിക്കാർ തന്‍റെ ജീവൻ അപായപ്പെടുത്താൻ അഞ്ച് തവണ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഘപരിവാർ നിയന്ത്രണത്തിലുള്ള ജനം ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ഗവർണർ ആരോപണം ഉന്നയിച്ചത്. കൈരളി, മീഡിയവൺ ചാനൽ പ്രതിനിധികളെ വാർത്താ സമ്മേളനത്തിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് ആരിഫ് മുഹമ്മദ് ഖാൻ ആരോപണം ഉയർത്തിയത്. എന്നാൽ ഈ വധശ്രമങ്ങളുടെ സ്ഥലം, സമയം അടക്കമുള്ള വിശദാംശങ്ങൾ ഗവർണർ പങ്കുവെച്ചില്ല. അതേസമയം ഡൽഹി ജാമിഅ മില്ലിയയിൽ ജമാഅത്ത് യുവജന വിഭാഗം പ്രവർത്തകർ ദണ്ഡ് കൊണ്ട് തന്റെ തലക്കടിച്ചതായി അദ്ദേഹം പറയുന്നുണ്ട്. ജമാഅത്തെ ഇസ്‍ലാമിക്ക് പക്ഷേ, ഡൽഹിയിൽ യുവജന വിഭാഗം പ്രവർത്തിക്കുന്നില്ല.

ആരിഫ് മുഹമ്മദ് ഖാന്റെ വാക്കുകൾ: "ജമാഅത്തെ ഇസ്‍ലാമിക്ക് എന്നോട് കടുത്ത മുൻവിധികളുണ്ട്. ഇവർ കുറെ കാലമായി പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാര്യം 1986ൽ ഞാൻ രാജി വെച്ചില്ലായിരുന്നെങ്കിൽ ഷാബാനു വലിയൊരു വിവാദമാകില്ലായിരുന്നു എന്നാണ്. അതിനാൽ അവർക്കെന്നോട് പക്ഷപാത സമീപനമാണുള്ളത്. താങ്കൾ (അഭിമുഖകാരൻ ) അറിയാൻ വഴിയില്ലാത്ത ഒരു കാര്യം ഞാൻ പറയാം. എന്റെ ജീവൻ അപായപ്പെടുത്താൻ അവർ അഞ്ച് തവണ ശ്രമിച്ചിട്ടുണ്ട്. അവസാനത്തെതായിരുന്നു ഏറ്റവും ഭീതിജനകം, ഏറ്റവും അപകടകരം. ജാമിഅ മില്ലിയയിൽ എന്റെ തലക്ക് ദണ്ഡ് കൊണ്ട് അടിച്ച എല്ലാ കുട്ടികളെയും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. എന്നെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ പറഞ്ഞത്, 10 മിനിട്ട് കഴിഞ്ഞിരുന്നെങ്കിൽ രക്ഷപ്പെടുത്താൻ പ്രയാസമാകുമെന്നായിരുന്നു. അവരെല്ലാവരും ജമാഅത്തെ ഇസ്‍ലാമിയുടെ യുവജന വിഭാഗത്തിൽ പെട്ടവരായിരുന്നു. ഹിംസയുടെ സാധുതയിൽ വിശ്വസിക്കുന്നവർ ഏറ്റവും അപകടകാരികളാണ്. അവർ എന്തും ചെയ്യും. അവർ രണ്ടു കൂട്ടരും ( സി.പി.എമ്മും ജമാഅത്തെ ഇസ്‍ലാമിയും) ഹിംസയുടെ സാധുതയിൽ വിശ്വസിക്കുന്നവരാണ്".

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News