യുക്രൈനിൽ നിന്നെത്തുന്നവർക്ക് വിദഗ്ധ ചികിത്സ; സംസ്ഥാനത്തെ മെഡിക്കൽ കോളജുകള്‍ സജ്ജമെന്ന് ആരോഗ്യമന്ത്രി

യുദ്ധസാഹചര്യത്തിൽ നിന്ന് വരുന്നവർക്കുണ്ടാകുന്ന ശാരീരിക- മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ചികിത്സ ഏകോപിപ്പിക്കുന്നത്.

Update: 2022-03-03 09:29 GMT

യുക്രൈനില്‍ നിന്ന് വരുന്നവര്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ വിദഗ്ധ സേവനം ലഭ്യമാക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുദ്ധസാഹചര്യത്തില്‍ നിന്ന് വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക- മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ചികിത്സ ഏകോപിപ്പിക്കുന്നത്. ഇതിനായി എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

യുക്രൈനില്‍ നിന്ന് മടങ്ങിവരുന്നവരുമായി ബന്ധപ്പെട്ട കോളുകള്‍ ഏകോപിപ്പിക്കാന്‍ മെഡിക്കല്‍ കോളജുകളിലെ കണ്‍ട്രോള്‍ റൂമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ ഈ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടേണ്ടതാണ്. കോവിഡ് ഐ.സി.യുവിലും നോണ്‍ കോവിഡ് ഐ.സി.യുവിലും പേ വാര്‍ഡുകളിലും ഇവര്‍ക്കായി കിടക്കകള്‍ മാറ്റിവെക്കും. 

Advertising
Advertising

ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ട്രയേജ് ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ക്കും കാഷ്വാലിറ്റി ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ക്കും മുന്നറിയിപ്പ് നല്‍കും. സഹായത്തിനായി പ്രത്യേക സ്റ്റാഫ് നഴ്‌സിനെ നിയോഗിക്കും. ആംബുലന്‍സ് ക്രമീകരിക്കും. ഇവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പരിശോധിക്കുന്നതാണ്. ആവശ്യമായവര്‍ക്ക് കൗണ്‍സിലിംഗ് സേവനങ്ങളും നല്‍കും. കൗണ്‍സിലിംഗ് ആവശ്യമായവര്‍ക്ക് ദിശ 104, 1056 നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാനത്തെ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടുകളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി എയര്‍പോര്‍ട്ടുകളില്‍ ഹെല്‍ത്ത് ഡെസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തുടര്‍ ചികിത്സ ആവശ്യമായവര്‍ക്കും നേരിട്ടെത്തുന്നവര്‍ക്കും മെഡിക്കല്‍ കോളേജുകള്‍ വഴി ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News