'ആർ.എസ്.എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോ' ലേഖനം; മാപ്പ് പറഞ്ഞ് മാതൃഭൂമി

സ്വാമി അസീമാനന്ദയുടെ കുറ്റസമ്മതമൊഴിയെ ആസ്പദമാക്കിയായിരുന്നു ലേഖനം പ്രസിദ്ധീകരിച്ചത്

Update: 2022-10-05 10:01 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: 'ആർ.എസ്.എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോ' എന്ന പേരിലുള്ള ലേഖനം പ്രസിദ്ധീകരിച്ചതിൽ മാപ്പ് പറഞ്ഞ് മാതൃഭൂമി ആഴ്ചപ്പതിപ്പ്.സ്വാമി അസീമാനന്ദയുടെ കുറ്റസമ്മതമൊഴിയെ ആസ്പദമാക്കി ബദ്രി റെയ്‌ന എഴുതിയ ലേഖനത്തിന്റെ പരിഭാഷയായിരുന്നു 'ഭീകരതയുടെ വൈറസ്' എന്ന തലക്കെട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 2011 ഫെബ്രുവരി 27 മാർച്ച് 5 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.

' സ്വാമി അസീമാനന്ദ 164 വകുപ്പ് പ്രകാരം നൽകിയ മൊഴി സ്വമേധയാ നൽകിയതല്ലെന്നും ബലമായി നൽകപ്പെട്ടതാണെന്ന് കണ്ടെത്തിയിരുന്നു. 2019 ൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.   പ്രസ്തുത കുറ്റസമ്മതമൊഴിയെ ആസ്പദമാക്കി മാത്രം എഴുതപ്പെട്ട ലേഖനം ആർക്കെങ്കിലും മനോവിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നെന്നും' മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപർ അറിയിച്ചു.

കമൽ റാം സജീവിന് ആയിരുന്നു അന്ന് ആഴ്ചപ്പതിപ്പിൻ്റെ ചുമതല.  ലേഖനത്തിന്റെ പേരില്‍ ആര്‍എസ്എസ് സംസ്ഥാന സെക്രട്ടറി പി ഗോപാലന്‍ കുട്ടി മാസ്റ്റര്‍ മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിക്കെതിരെ  മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.  ലേഖനം സംഘടനയ്ക്ക് ജനങ്ങള്‍ക്കിടയില്‍ അപകീര്‍ത്തിയുണ്ടാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്നായിരുന്നു പരാതിക്കാരന്റെ വാദം. ലേഖനം വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ ശത്രുതയുണ്ടാക്കുന്നതുമാണ് എന്നും പരാതിയിലുണ്ടായിരുന്നു.മാതൃഭൂമി കമ്പനിക്കും ഒമ്പതുപേര്‍ക്കുമെതിരെയായിരുന്നു ഹരജി നല്‍കിയത്.  ഈ കേസ് റദ്ദാക്കണമെന്ന മാതൃഭൂമിയുടെ ആവശ്യവും  സുപ്രിംകോടതി തള്ളിയിരുന്നു.  ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. ആര്‍എസ്എസിനെതിരായ ലേഖനം നിലനില്‍ക്കുന്നതാണെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

പത്രാധിപരുടെ കുറിപ്പ്

സ്വാമി അസീമാനന്ദയുടെ കുറ്റസമ്മതമൊഴിയെ ആസ്പദമാക്കി ബദ്രി റെയ്‌ന എഴുതിയ ഒരു ലേഖനത്തിന്റെ പരിഭാഷ 'ഭീകരതയുടെ വൈറസ്' എന്ന തലക്കെട്ടിൽ 'ആർ.എസ്.എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോ' എന്ന കവർ പേജ് ഹെഡ്ഡിങ്ങോടു കൂടി മാതൃഭൂമി ആഴ്ചപതിപ്പിന്റെ 2011 ഫെബ്രുവരി 27 മാർച്ച് 5 ലക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. സ്വാമി അസീമാനന്ദ അക്കാലത്ത് ഹരിയാനയിലെ പഞ്ച്കുള ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സി.ആർ.പി.സി. 164 വകുപ്പ് പ്രകാരം നൽകിയ മൊഴിയെ അടിസ്ഥാനമാക്കിയാണ് ബദ്രി റെയ്‌ന പ്രസ്തുത ലേഖനമെഴുതിയത്. എന്നാൽ പിന്നീട് സ്വാമി അസീമാനന്ദ 164 വകുപ്പ് പ്രകാരം നൽകിയ മൊഴി സ്വമേധയാ നൽകിയതല്ലെന്നും ബലമായി നൽകപ്പെട്ടതാണെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ 2019 ൽ കുറ്റവിമുക്തനാക്കിയിരുന്നു. പ്രസ്തുത കുറ്റസമ്മതമൊഴിയെ ആസ്പദമാക്കി മാത്രം എഴുതപ്പെട്ട ലേഖനം ആർക്കെങ്കിലും മനോവിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ആയത് പ്രസിദ്ധീകരിക്കാനിടയായിതിൽ ഖേദിക്കുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News