തിരുവനന്തപുരം മേയറെവിടെ?; ആര്യ രാജേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമല്ലാത്തതിനെ ചൊല്ലി വിവാദം
മേയർ പ്രചാരണത്തിറങ്ങിയാൽ യുഡിഎഫിന്റെ വിജയം കുറേക്കൂടി അനായാസം ആകുമായിരുന്നുവെന്ന് കെ മുരളീധരന്റെ പരിഹാസം
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ മേയർ ആര്യ രാജേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമല്ലാത്തതിനെ ചൊല്ലി വിവാദം. മേയർ പ്രചാരണത്തിനിറങ്ങിയാൽ തോൽക്കുമെന്ന് സിപിഎമ്മിന് പേടിയെന്ന് ബിജെപി. മേയർ ഇറങ്ങിയാൽ യുഡിഎഫ് വിജയം അനായാസം ആകുമായിരുന്നെന്ന് കെ. മുരളീധരന്റെ പരിഹാസം. അടിസ്ഥാനരഹിതമായ ആരോപണം എന്നായിരുന്നു സിപിഎമ്മിന്റെ വിശദീകരണം.
മേയർ ആര്യ രാജേന്ദ്രനെ സിപിഎം വീണ്ടും മത്സരിപ്പിക്കുമോ എന്നതായിരുന്നു ആദ്യഘട്ടത്തിലെ ആകാംക്ഷ എങ്കിൽ പ്രചാരണ രംഗത്തെ ആര്യയുടെ അസാന്നിധ്യമാണ് ഒടുവിലെ ചർച്ച. സംസ്ഥാനത്തെ മറ്റു കോർപ്പറേഷനുകളിൽ പ്രചാരണ രംഗത്ത് നിലവിലെ മേയർമാർ സജീവമാണ്. എന്നാൽ തിരുവനന്തപുരത്ത് മന്ത്രി വി. ശിവൻകുട്ടിയാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ആര്യ പങ്കെടുത്തത് വിരലിലെണ്ണാവുന്ന പരിപാടികളിൽ മാത്രം. ഇതോടെയാണ് ആര്യ രാജേന്ദ്രനെ സിപിഎം മനപ്പൂർവം മാറ്റിനിർത്തിയതെന്ന് ആരോപണവുമായി ബിജെപിയും കോൺഗ്രസും രംഗത്തെത്തിയത്.
മേയർ പ്രചാരണത്തിറങ്ങിയാൽ യുഡിഎഫിന്റെ വിജയം കുറേക്കൂടി അനായാസം ആകുമായിരുന്നുവെന്ന് കെ മുരളീധരന്റെ പരിഹാസം. എന്നാൽ ആര്യ രാജേന്ദ്രനെ മാറ്റി നിർത്തി എന്ന ആരോപണം സിപിഎം നിഷേധിച്ചു. ആര്യ പ്രചാരണത്തിൽ പങ്കെടുക്കാത്തത് അസുഖം മൂലമെന്നും വിശദീകരണം. പരസ്യപ്രചാരണത്തിന്റെ അവസാന ദിനം മേയർ ആര്യ രാജേന്ദ്രത്തിനെതിരെ ആരോപണം കടിപ്പിച്ച് വോട്ടു നേട്ടം ഉണ്ടാക്കാൻ ആകുമോ എന്ന പ്രതീക്ഷയിലാണ് യുഡിഎഫും ബിജെപിയും.