'പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എൽഡിഎഫിന് ദോഷം ചെയ്യും';ആര്യാടൻ ഷൗക്കത്ത്
നിലമ്പൂരിലെ മത്സരം കടുത്തതല്ലെന്ന് ഷൗക്കത്ത് മീഡിയവണിനോട്
നിലമ്പൂര്‍: നിലമ്പൂരിലെ മത്സരം കടുത്തതല്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്.പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് ഇടതുപക്ഷത്തിന് ദോഷം ചെയ്യുമെന്നും ഷൗക്കത്ത് മീഡിയവണിനോട് പറഞ്ഞു.
'വെൽഫെയർ പാർട്ടി നേരത്തെയും ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്. ജമാത്തെ ഇസ്‍ലാമി കഴിഞ്ഞ കാലങ്ങളില്‍ ഇടതുപക്ഷത്തെ പിന്തുണക്കുമ്പോൾ മതേതര പാർട്ടിയും അല്ലെങ്കിൽ തീവ്രവാദ പാർട്ടിയും എന്നതാണ് എൽഡിഎഫ് നിലപാടെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ജമാഅത്തെ ഇസ്‍ലാമി നേരത്തെയും യുഡിഎഫിനെയും പിന്തുണച്ചിട്ടുണ്ട്. എല്‍ഡിഎഫിനെ കഴിഞ്ഞ കാലത്ത് പിന്തുണച്ചിട്ടുണ്ടെന്ന് അവര്‍ തന്നെ സമ്മതിച്ചാണ്..'ഷൗക്കത്ത് പറഞ്ഞു. മീഡിയവൺ എഡിറ്റർ പ്രമോദ് രാമനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂരില്‍ പി.വി അൻവർ ഒരിക്കലുമൊരു ഭീഷണിയല്ല. ഇവിടെ നടക്കുന്നത് എല്‍ഡിഎഫ്-യുഡിഎഫ് മത്സരമാണ്.വോട്ട് പാഴാക്കരുതെന്ന് ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
അതേസമയം, നിലമ്പൂരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത് വിജയസാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് എൽഡിഎഫ് സ്ഥാനർഥി എം.സ്വരാജ് മീഡിയവണിനോട് പറഞ്ഞു. 2001 ലെ നിയമസഭാ, 2004 ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ അത് തെളിയിച്ചിട്ടുണ്ട്.
സ്വതന്ത്രൻ മത്സരിച്ചിട്ടും 2001 ൽ കനത്ത പരാജയമുണ്ടായി.പി.വി അൻവറിന്റെ പിന്തുണയില്ലാതെ മികച്ച വിജയം നേടുമെന്നാണ് ആത്മവിശ്വാസമെന്നും എം.സ്വരാജ് പറഞ്ഞു.