Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കോഴിക്കോട്: 1973ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നേരിട്ട് വന്നാണ് ഈ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തിൽ കേരളം ഇപ്പോഴും അഭിമാനത്തോടെ ഉയർത്തിക്കാട്ടുന്ന നേട്ടം കൂടിയാണ് ഈ സ്റ്റേഷൻ. അറിയാം ഏഷ്യയിലെ ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷനെ കുറിച്ച്.
ഏഷ്യയിലെ ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷൻ കേരളത്തിലെ കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനാണ്. 1973 ഒക്ടോബർ 27ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. ഇന്ദിരാ ഗാന്ധിക്ക് പുറമെ അന്നത്തെ കേരള ഗവർണർ എൻ.എൻ വാഞ്ചൂ, മുഖ്യമന്ത്രി സി. അച്യുത മേനോൻ, ആഭ്യന്തരമന്ത്രി കെ. കരുണാകരൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും ഗാർഹിക പീഡനം, ലൈംഗികാതിക്രമം, സ്ത്രീധന പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് അവർക്ക് സുരക്ഷിതമായ ഇടം നൽകുന്നതിനുമായി സ്ഥാപിച്ചതാണ് കോഴിക്കോട് വനിതാ സ്റ്റേഷൻ.
കോഴിക്കോട് നഗര പ്രദേശത്തെ ഏഴ് പോലീസ് സ്റ്റേഷനുകളിലേക്ക് മാത്രമായി ഇതിന്റെ പ്രാരംഭ അധികാരപരിധി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ഇത് മുഴുവൻ കാലിക്കറ്റ് സിറ്റി പൊലീസ് ജില്ലയിലേക്കും വ്യാപിപ്പിച്ചു. പരമ്പരാഗതമായി പുരുഷാധിപത്യമുള്ള വേഷങ്ങളിൽ സ്ത്രീകളുടെ കഴിവുകൾ അംഗീകരിക്കുന്നതിൽ ഈ സ്റ്റേഷൻ ഒരു സുപ്രധാന ചുവടുവയ്പ്പായി മാറി. സുരക്ഷിതവും സ്വാഗതാർഹവുമായ അന്തരീക്ഷത്തിൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ സ്ത്രീകൾക്ക് മാത്രമായി ഒരു വേദി ഒരുക്കി കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷൻ ചരിത്രത്തിൽ ഇടംപിടിച്ചു.
വളരെക്കാലമായി നിശബ്ദരാക്കപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സ്ത്രീകൾക്ക് ഈ സ്റ്റേഷൻ പ്രതീക്ഷയുടെ ഒരു ദീപസ്തംഭമായി മാറി. കാലക്രമേണ വനിതാ പോലീസ് സ്റ്റേഷന്റെ പങ്ക് വികസിച്ചു. പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള അധികാരം ലഭിച്ചു. സ്ത്രീകൾക്ക് അവരുടെ ആശങ്കകൾ പ്രകടിപ്പിക്കാനും നിയമപരമായ സഹായം തേടാനും ഇത് ഒരു സുപ്രധാന നാഴികക്കല്ലായി. പിന്നീട് ലിംഗഭേദമില്ലാതെ ഏതൊരു കുറ്റവാളിക്കെതിരെയും നീതി തേടാനുമുള്ള ഒരു വേദിയായി ഇത് മാറി. ഏഷ്യയിലെ ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷൻ എന്നാണ് പരക്കെ അംഗീകരിക്കപ്പെടുന്നതെങ്കിലും ലോകത്തിലെ തന്നെ ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷനും ഇതാണെന്ന് സ്ഥിരീകരിക്കാത്ത ചില സ്രോതസുകൾ സൂചിപ്പിക്കുന്നു. 1985ൽ ബ്രസീലിലെ സാവോ പോളോയിലുള്ള സമാനമായ മറ്റ് സ്റ്റേഷനുകൾ വളരെ പിന്നീട് സ്ഥാപിതമായത്.
വലിയ ചരിത്രത്തെ ഉൾകൊള്ളുമ്പോൾ തന്നെ പിൽകാലത്ത് അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥ കാരണം ഈ സ്റ്റേഷനിലെ അടിസ്ഥാന ആവശ്യങ്ങളുടെ അപര്യാപ്തതയെ സംബന്ധിച്ച് വർത്തകളുണ്ടായിട്ടുണ്ട്. 50 വർഷത്തോളമായിട്ടും സ്റ്റേഷനിൽ പൊലീസുകാർക്ക് സ്ഥിരമായ ഒരു ഡൈനിംഗ് ടേബിൾ പോലും ഇല്ലെന്ന് 2023ൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്റ്റേഷനിൽ ആവശ്യത്തിന് വസ്ത്രം മാറാനുള്ള മുറികളോ കുടിവെള്ള സൗകര്യമോ ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.