കൊച്ചിയിൽ 52കാരിയെ ക്രൂരമായി ബലാത്സം​ഗം ചെയ്ത അസം സ്വദേശി പിടിയിൽ

ജോലിക്കാര്യങ്ങൾ സംസാരിച്ചാണ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയ പ്രതി കമ്മട്ടിപ്പാടത്തിന് സമീപമുള്ള റെയിൽവേ പരിസരത്തെത്തിച്ച് രണ്ട് തവണ പീഡിപ്പിച്ചെന്നാണ് മൊഴി.

Update: 2023-12-16 18:56 GMT

കൊച്ചി: എറണാകുളം പൊന്നുരുന്നിയിൽ 52കാരിയായ സ്ത്രീയെ ക്രൂരമായി ബലാത്സം​ഗം ചെയ്ത ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശിയായ ഫിർഡോജ് അലിയാണ് അറസ്റ്റിലായത്. ആലപ്പുഴ സ്വദേശിനിയായ സ്ത്രീയാണ് പീഡനത്തിന് ഇരയായത്. ബുധനാഴ്ചയാണ് സംഭവം. പീഡനത്തിനിരയായ സ്ത്രീ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ചോറ്റാനിക്കരയിലെ ബന്ധുവീട്ടിലാണ് സ്ത്രീയുടെ താമസം. നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇടയ്ക്ക് ജോലി ചെയ്തിരുന്ന 52കാരിയെ മലയാളം നന്നായി അറിയാവുന്ന പ്രതി ഓട്ടോയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ജോലിക്കാര്യങ്ങൾ സംസാരിച്ചാണ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. തുടർന്ന് കമ്മട്ടിപ്പാടത്തിന് സമീപമുള്ള റെയിൽവേ പരിസരത്തെത്തിച്ച് രണ്ട് തവണ പീഡിപ്പിച്ചെന്നാണ് മൊഴി.

Advertising
Advertising

ഇതേ തുടർന്ന് ആരോഗ്യനില ഏറെ മോശമായ സ്ത്രീയുടെ അവസ്ഥ ഇപ്പോഴാണ് അൽപം ഭേദമായത്. സംഭവത്തിനു പിന്നാലെ ആദ്യം പൊലീസിന് നൽകിയ മൊഴിയിൽ, മലയാളം നന്നായി സംസാരിക്കാനറിയുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് തന്നെ പീഡിപ്പിച്ചതെന്നു മാത്രമായിരുന്നു 52കാരി പറഞ്ഞിരുന്നത്. അതിനാൽ കൂടുതൽ തെളിവുകൾ ലഭിച്ചിരുന്നില്ല.

തുടർന്ന് സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശിയാണ് പ്രതിയെന്ന് വ്യക്തമായത്. പ്രതി സ്ത്രീയുടെ സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേൽപ്പിച്ചിട്ടുണ്ടെന്നും ക്രൂരമായ പീഡനമാണ് നടന്നതെന്നും ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണത്തെ തുടർന്ന് ഇന്ന് വൈകീട്ടോടെയാണ് കടവന്ത്ര പൊലീസ് പ്രതിയെ പിടികൂടിയത്. നാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News