നിയമസഭാ തെരഞ്ഞെടുപ്പ്:' സീറ്റ്,സ്ഥാനാർഥി, ടേം നിബന്ധനകൾ എന്നിവയിൽ ലീഗ് ഒരു ചർച്ചയും നടത്തിയിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാർത്തകൾ'; പി.എം.എ സലാം

ഇത്തരം ചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടില്ലെന്നും തീരുമാനങ്ങള്‍ ഔദ്യോഗികമായി പ്രവർത്തകരെ അറിയിക്കുമെന്നും വാര്‍ത്താക്കുറിപ്പ്

Update: 2025-07-11 07:32 GMT
Editor : Lissy P | By : Web Desk

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുസ്‌ലിം ലീഗിനെ കുറിച്ച് ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും വരുന്ന വാർത്തകൾ  വ്യാജമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സീറ്റുകളെ സംബന്ധിച്ചോ മത്സരിക്കുന്ന സ്ഥാനാർഥികളെ കുറിച്ചോ ടേം നിബന്ധനകളെ കുറിച്ചോ പാർട്ടി ഇത് വരെ ഒരു ചർച്ചയും നടത്തുകയോ തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല. എല്ലാ കാര്യങ്ങളും അതിൻ്റെതായ സമയങ്ങളിൽ സമയബന്ധിതമായി തീരുമാനിക്കാൻ മുസ്‌ലിം ലീഗിന് സാധിക്കും. ഇപ്പോൾ ഇത്തരം ചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടില്ല. ഇതെല്ലാം ചില നിക്ഷിപ്ത താല്പര്യക്കാർ അവരുടെ ആഗ്രഹങ്ങൾക്കും മനോഗതിക്കുമനുസരിച്ച് കെട്ടിച്ചമക്കുന്ന വ്യാജ പ്രചാരവേലകളാണെന്നും പിഎംഎ സലാം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Advertising
Advertising

തെരഞ്ഞെടുപ്പ് സംബന്ധിയായ പ്രവർത്തനങ്ങൾ ആരംഭിക്കാനും വോട്ടർപട്ടികയിൽ പേര് ചേർക്കൽ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ തുടങ്ങാനും സംഘടനാരംഗം ശക്തമാക്കാനും മുന്നണി ബന്ധം ദൃഢമാക്കാനുമുള്ള കാര്യങ്ങളാണ് പാർട്ടി ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. അവരുടെ ആത്മവീര്യം തകർക്കാനുള്ള കുത്സിത ശ്രമവും സംഘടനാ ശത്രുക്കൾ നടത്തുന്ന പ്രചാരവേലയുമായി മാത്രമെ ഇത്തരം വാർത്തകളെ കാണാൻ കഴിയൂ.

പാർട്ടി തെരഞ്ഞെടുപ്പ് സംബന്ധിയായ എല്ലാ തീരുമാനങ്ങളും കഴിഞ്ഞ കാലങ്ങളിലെന്നപ്പോലെ പാർട്ടിയുടെ ഉന്നത നേതൃത്വവും പാർലമെൻ്ററി ബോർഡുമൊക്കെ കൂടി തീരുമാനിക്കുന്നതായിരിക്കും. യഥാസമയം അത്തരം കാര്യങ്ങൾ പാർട്ടി തന്നെ ഔദ്യോഗികമായി പ്രവർത്തകരെ അറിയിക്കും. മറ്റു മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും വരുന്ന വാർത്തകൾ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതന്നും ലീഗ് അറിയിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News