അട്ടപ്പാടി മധു വധക്കേസ് നേരത്തേ പരിഗണിക്കാൻ തീരുമാനം; പ്രതികൾക്ക് ഡിജിറ്റൽ തെളിവുകളും കുറ്റപത്രവും കൈമാറി

ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് നടപടി.

Update: 2022-02-10 09:51 GMT

അട്ടപ്പാടി മധു വധക്കേസ് നേരത്തേ പരിഗണിക്കാൻ തീരുമാനം. ഫെബ്രുവരി 18 ന് കേസ് പരിഗണിക്കും. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് നടപടി. കേസിലെ പ്രതികൾക്ക് ഇന്ന് ഡിജിറ്റൽ തെളിവുകളും , കുറ്റപത്രവും കൈമാറി. കോടതിയിൽ എത്തിയാണ് പ്രതികൾ തെളിവുകൾ ശേഖരിച്ചത്. കുറ്റപത്രവും, ഡിജിറ്റൽ തെളിവുകളും പ്രതികൾക്ക് നൽകാത്തതിനാൽ കേസ് നീണ്ടുപോവുകയാണെന്ന വിമർശനം ഉയർന്നിരുന്നു. ഈ മാസം 18 ന് മണ്ണാർക്കാട് എസ്.സി / എസ്.ടി കോടതി കേസ് പരിഗണിക്കും.

അട്ടപ്പായിലെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ട കേസിലെ കുറ്റപത്രം നേരത്തെ പുറത്തുവന്നിരുന്നു. മധുവിനേറ്റത് ആൾക്കൂട്ടത്തിന്‍റെ ക്രൂരമർദനമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വടികൊണ്ടുള്ള അടിയിൽ മധുവിന്‍റെ ഇടതുഭാഗത്തെ വാരിയെല്ല് പൊട്ടിയിരുന്നു. ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവര്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. വടികൊണ്ടുള്ള ഷംഷുദ്ദീന്‍റെ അടിയിലാണ് മധുവിന്‍റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടിയത്. ഷംഷുദ്ദീന്‍ സി.ഐ.ടി.യു നേതാവും ഡ്രൈവറുമാണ്. ഒന്നാം പ്രതി ഹുസൈന്‍ മധുവിന്‍റെ നെഞ്ചില്‍ അഞ്ഞു ചവിട്ടിയതായും കുറ്റപത്രം പറയുന്നു. ചവിട്ടേറ്റ് വീണ മധുവിന്‍റെ തല ക്ഷേത്ര ഭണ്ഡാരത്തിലിടിച്ചു പരിക്കേറ്റു.

Advertising
Advertising

2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട മർദ്ദനത്തിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു അട്ടപ്പാടിയിലെ മധുവിന്‍റെ കൊലപാതകം. മോഷണക്കുറ്റം ആരോപിക്കപ്പെട്ടാണ് പട്ടാപ്പകൽ മധുവിനെ ഒരു സംഘം ആളുകൾ കെട്ടിയിട്ട് മർദ്ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തത്. പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി മധു മരണപ്പെടുകയായിരുന്നു. മധുവിനെ കൈകൾ ബന്ധിച്ച് മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്ത അക്രമികള്‍ വീഡിയോ മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചിരുന്നു

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News