ബി.ബി.സിയുടെ ഇയര്‍ എന്‍ഡറില്‍ ഇടം പിടിച്ച് നവീന്‍റെയും ജാനകിയുടെയും റാസ്പുടിന്‍ ഡാന്‍സും ചലഞ്ചും

ജാനകിക്കും നവീനും നേരിടേണ്ടി വന്ന വിദ്വേഷ പ്രചാരണത്തെ കുറിച്ചും ബി.ബി.സി വാര്‍ത്തയില്‍ പറയുന്നുണ്ട്.

Update: 2021-12-31 11:02 GMT
Editor : ijas
Advertising

2021ല്‍ വൈറലാവുകയും വിവാദങ്ങള്‍ക്ക് വിഷയമാവുകയും ചെയ്ത ജാനകി ഓംകാറിന്‍റെയും നവീന്‍റ റസാഖിന്‍റെയും റാസ്പുടിന്‍ ഡാന്‍സ് ഉള്‍പ്പെടുത്തി ബി.ബി.സിയുടെ ഇയര്‍ എന്‍ഡര്‍. മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഇരുവരുടെയും ഡാന്‍സ് വീഡിയോ പത്ത് ലക്ഷത്തിന് മുകളില്‍ ആളുകളാണ് ഇന്‍സ്റ്റാഗ്രാം റിലീലൂടെ കണ്ടത്. ബോണി എം ബാൻഡിന്‍റെ പ്രസിദ്ധമായ 'റാസ്പുടിൻ' ഗാനത്തിനാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളായ ഇരുവരും നൃത്തച്ചുവട് വെച്ചത്.

വീഡിയോ വൈറലായതോടെ ഇരുവര്‍ക്കുമെതിരെ വിദ്വേഷ പ്രചാരണവും ആരംഭിച്ചു. സംഘ്പരിവാര്‍ അനുഭാവികളില്‍ നിന്നാണ് ഇരുവരുടെയും വ്യത്യസ്ത മതം ചൂണ്ടിക്കാട്ടി വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പിച്ചത്. ലൗ ജിഹാദും മതം മാറ്റവും അടക്കമുള്ള ആരോപണങ്ങള്‍ ഇരുവര്‍ക്കുമെതിരെ ഉയര്‍ത്തിയതോടെ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും സംഭവം വഴിവെച്ചു. ഇതോടെ റാസ്പുടിന്‍ ചലഞ്ച് എന്ന പേരില്‍ വലിയ ക്യാമ്പയിനും ആരംഭിച്ചു. നിരവധി പേരാണ് നവീനും ജാനകിക്കും പിന്തുണയുമായി നൃത്തചുവടുകള്‍ വെച്ചത്. ജാനകിക്കും നവീനും നേരിടേണ്ടി വന്ന വിദ്വേഷ പ്രചാരണത്തെ കുറിച്ചും ബി.ബി.സി വാര്‍ത്തയില്‍ പറയുന്നുണ്ട്.

Full View

ഇരുവരുടെയും നൃത്തച്ചുവടുകളെ പ്രശംസിച്ച് യുഎൻ പ്രതിനിധിയും രംഗത്തുവന്നിരുന്നു. യു.എന്നിന്‍റെ കൾച്ചറൽ റൈറ്റ്‌സ് സ്‌പെഷ്യൽ റാപ്പോർട്ടർ കരീമ ബെന്നൗൺസ് വൈറൽ ഡാൻസിനെ പ്രശംസിച്ചുകൊണ്ട് പ്രസംഗത്തിനിടെ പരാമർശം നടത്തുകയായിരുന്നു.

''സാംസ്‌കാരികമായ വേർതിരിവുകളെല്ലാം മാറ്റിനിർത്തി ഒന്നിച്ചു നൃത്തച്ചുവടുകൾ വച്ച രണ്ട് യുവാക്കൾക്ക് വ്യാപകമായ പിന്തുണയാണ് കിട്ടിയത്. അതോടൊപ്പം സമൂഹമാധ്യമങ്ങളിൽ ഹിന്ദു മതമൗലികവാദത്താൽ പ്രചോദിതരായുള്ള വലിയ തോതിലുള്ള അധിക്ഷേപങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കുമിരയായി രണ്ടുപേരും. ഡാൻസ് ജിഹാദ് ആരോപണങ്ങൾവരെ ഉയരുകയുണ്ടായി''- ബെന്നൗൺസ് ചൂണ്ടിക്കാട്ടി.

ഇനിയും ഒന്നിച്ച് ഡാൻസ് ചെയ്യുമെന്നുള്ള ജാനകിയുടെയും നവീന്റെയും പ്രതികരണവും അവർ പ്രത്യേകം എടുത്തുപറഞ്ഞു പ്രശംസിച്ചു. ഇത് നമ്മുടെയെല്ലാം പ്രതികരണമാകേണ്ടതാണ്. സംസ്‌കാരത്തെയും സ്വത്വത്തെയും സാംസ്‌കാരിക സമന്വയങ്ങളെയുമെല്ലാം കുറിച്ചുള്ള ബഹുവിധവും തുറന്നതുമായ ധാരണകളെ ശക്തമായും ക്രിയാത്മകമായും പ്രതിരോധിക്കുക മാത്രമാണ് ഈ 21-ാം നൂറ്റാണ്ടിൽ വിവേചനങ്ങളില്ലാതെ എല്ലാവരുടെയും സാംസ്‌കാരിക അവകാശങ്ങൾ ഉറപ്പാക്കാനുള്ള ഒരേയൊരു വഴിയെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News