'ശ്വേത മേനോനെതിരായ പരാതി ക്വട്ടേഷൻ' ; പിന്നിൽ ആരാണെന്ന് പച്ചവെള്ളം കുടിക്കുന്ന എല്ലാവർക്കും അറിയാമെന്ന് ഭാഗ്യലക്ഷ്മി

ഒരു മണിക്കൂറിനകത്ത് എഫ്ഐആര്‍ ഇടുന്നത് ഞാൻ ആദ്യമായിട്ട് കാണുകയാണ്

Update: 2025-08-07 09:01 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: നടി ശ്വേത മേനോനെതിരെയുള്ള പൊലീസ് പരാതിയിൽ ദുരൂഹതയുണ്ടെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഇതൊരു ക്വട്ടേഷനാണെന്ന് എല്ലാവര്‍ക്കും തുടക്കം മുതൽ അറിയാമെന്നും ഭാഗ്യലക്ഷ്മി മീഡിയവണിനോട് പറഞ്ഞു. പല രീതിയിൽ ഈ രണ്ട് സ്ത്രീകളെ(ശ്വേത, കുക്കു പരമേശ്വരൻ) എന്നിവരെ ഇവര്‍ അപമാനിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഏറ്റവും അവസാനമായിട്ട് സമൂഹത്തിന് മുൻപിൽ എങ്ങനെയൊക്കെ ഒരു സ്ത്രീയെ അവഹേളിക്കാൻ സാധിക്കുമോ അതിന്‍റെ പരിധി വിട്ടാണ് ഇവര്‍ പൊയ്ക്കൊണ്ടിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

ഇതിങ്ങനെ പോകാൻ അനുവദിക്കാൻ പാടില്ലാത്തതാണ്. അതായത് നേതൃസ്ഥാനത്ത് സ്ത്രീ വരണ്ട, ഞങ്ങൾ മുകളിലിരിക്കും, നിങ്ങൾ ഞങ്ങൾക്ക് മുൻപിൽ റാൻ മൂളിക്കൊണ്ടിരിക്കേണ്ടവരാണ് എന്നവര്‍ പറയുകയും അതിന് റാൻ മൂളുന്ന കുറച്ചു സ്ത്രീകളെയും നമ്മൾ രണ്ടുമൂന്നു ദിവസമായി കണ്ടുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള വില്ലൻമാര്‍ക്ക് വേണ്ടി സംസാരിക്കുന്ന സ്ത്രീകളെയാണ് നമ്മൾ ഇവിടെ കണ്ടുകൊണ്ടിരുന്നത്. ആരുടെ ക്വട്ടേഷനാണെന്ന് ഞാനാ സംഘടനയിൽ അംഗമല്ലാത്തതുകൊണ്ട് തന്നെ പേരെടുത്ത് പറയുന്നില്ല. പക്ഷെ ഇതാരാണെന്ന് പച്ചവെള്ളം കുടിക്കുന്ന എല്ലാവര്‍ക്കും അറിയാം. എന്‍റെ കയ്യിൽ വ്യക്തമായ തെളിവില്ലാതെ പേര് പറയാൻ പറ്റില്ല. ഇതിന് പിന്നിലുള്ളവരാരും പുറത്തേക്ക് വന്നിട്ടില്ല. സ്ത്രീകൾ തമ്മിൽതല്ലട്ടെ എന്ന് പറഞ്ഞ് കണ്ട് ആസ്വദിക്കുകയാണ്. അത് ഏൽക്കുന്നില്ല, ഈ രണ്ട് സ്ത്രീകൾ തളരുന്നില്ലെന്ന് മനസിലായതോടു കൂടി എവിടെ നിന്നോ ഒരാളെ കെട്ടിയിറക്കി ഈ മഞ്ഞ വീഡിയോ മാത്രം കാണുന്ന ഒരാളെ കെട്ടിയിറക്കിയിരിക്കുകയാണ്. അയാളിത് കണ്ടുവെന്ന് പറയുന്നു. ആര്‍ക്കും ഓപ്പൺ ചെയ്യാൻ പറ്റാത്ത സൈറ്റ് ഇയാളെങ്ങനെ ഓപ്പൺ ചെയ്തു, ഇയാളെങ്ങനെ കണ്ടു. ഈ മഞ്ഞ വീഡിയോ മുഴുവനും കോടതി ഇരുന്ന് കാണണമെന്നാണോ? അതും കോടതി കാണും എന്നാണോ? ഭാഗ്യലക്ഷ്മി ചോദിച്ചു.

ഒരു എഫ്ഐആര്‍ ഇടുന്നതിന് മുൻപ് അവൾക്ക് പറയാനുള്ളതുകൂടി കേൾക്കണ്ടേ? ഒരു മണിക്കൂറിനകത്ത് എഫ്ഐആര്‍ ഇടുന്നത് ഞാൻ ആദ്യമായിട്ട് കാണുകയാണ്. നമ്മളൊക്കെ എത്രയോ പരാതി കൊടുത്തതാണ്. അന്ന് എന്‍റെ വിഷയത്തിലൊക്കെ പരാതി കൊടുത്ത് എത്ര ദിവസം കഴിഞ്ഞിട്ടാണ് എഫ്ഐആറിട്ടത്. ആരുടെ ക്വട്ടേഷനാണെന്ന് ട്രാക്ക് പിടിച്ച് പോയോ പറ്റൂ. ഈ സംഘടനക്കുള്ളിൽ ക്വട്ടേഷൻ കൊടുക്കുക എന്നത് അവര്‍ സ്ഥിരം ചെയ്തുകൊണ്ടിരിക്കുന്ന കാര്യമാണെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.


Full View


ശ്വേതാ മേനോന് എതിരായ കേസിന് പിന്നിൽ ഗൂഢാലോചനയെന്ന് നടി രഞ്ജിനി മീഡിയവണിനോട് പറഞ്ഞു. പരാതിക്കാരന് പിന്നിൽ പവർ ഗ്രൂപ്പാണ്. അതിനെക്കുറിച്ചാണ് അന്വേഷിക്കേണ്ടതെന്നും രഞ്ജിനി പറഞ്ഞു. നടി ശ്വേത മേനോൻ നേരിട്ടത് ദൗർഭാഗ്യകരമായ അനുഭവമാണെന്ന് നടൻ രവീന്ദ്രൻ പ്രതികരിച്ചു. അഭിനേതാക്കൾക്ക് നിയമാനുസൃതമായി അഭിനയിക്കാനുള്ള സ്വാതന്ത്ര്യവും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മയിലെ അധികാര വടംവലിയുടെ ഭാഗമാണിതെന്ന് നടി മാലാ പാർവതിയും ആരോപിച്ചു. 

അതേസമയം അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചു എന്ന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേത മേനോന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹരജി 1.45ന് പരിഗണിക്കും. ജസ്റ്റിസ് വി.ജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് പരിഗണിക്കുക. ശ്വേതാ കേസിൽ താരസംഘടനയായ അമ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Full View


ആഗസ്ത് 15 ന് നടക്കുന്ന അമ്മ ഭാരവാഹി തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ശ്വേതാ മേനോനും ദേവനുമാണ്. നേരത്തേയുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി നിർദേശപ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ശ്വേത മേനോനെതിരെ കേസെടുത്തത്. ബ്ലസി സംവിധാനം ചെയ്ത കളിമണ്ണ് അടക്കമുള്ള സിനിമകളിലെ ദൃശ്യങ്ങള്‍ അശ്ലീലമാണെന്ന് ചൂണ്ടിക്കാട്ടി മാർട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News