അവരെ തനിച്ചാക്കി ഉമ്മയും ഉപ്പയും പോയി, ഒപ്പം പ്രിയപ്പെട്ട സെറയും; ഭാരതപ്പുഴയിൽ മുങ്ങിമരിച്ച നാലുപേരെയും ഇന്ന് ഖബറടക്കും
കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കബീറും ഷാഹിനയും അപകടത്തിൽപ്പെടുന്നത്
തൃശൂർ: ചെറുതുരുത്തി ഭാരതപ്പുഴയിൽ മുങ്ങിമരിച്ച നാലുപേരുടെയും മൃതദേഹം വൈകിട്ട് ഖബറടക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. ചെറുതുരുത്തി സ്വദേശി കബീർ ഭാര്യ ഷാഹിന മകൾ സെറ, ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുഹാദ് എന്നിവരാണ് ഇന്നലെ വൈകിട്ട് മരിച്ചത്..
ഒരു നാടിനെ ആകെ വേദനയാഴ്ത്തിയാണ് നാലുപേരുടെയും മൃതദേഹങ്ങൾ കബീറിന്റെ ചുങ്കത്തെ വീട്ടിലെത്തിച്ചത്. ഓടിക്കളിക്കാൻ സെറ ഇല്ല എന്ന വേദന ആ വീട്ടിൽ ആകെ നിഴലിച്ചു നിന്നു. നാലു വയസ്സുകാരനെയും ഒരു വയസുകാരനെയും തനിച്ചാക്കി ഉമ്മയും ഉപ്പയും പോയി.
കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കബീറും ഷാഹിനയും അപകടത്തിൽപ്പെടുന്നത്. ആദ്യം പുറത്തെടുത്തത് ഷാഹിനയെയാണ്. ജീവന്റെ തുടിപ്പുണ്ടായിരുന്നുവെങ്കിലും രക്ഷിക്കാനായില്ല..
മണിക്കൂറുകളുടെ പരിശ്രമത്തിന് ഒടുവിലാണ് കബീറിനെയും രണ്ട് കുട്ടികളെയും പുറത്തെടുക്കാൻ ആയത് അപ്പോഴേക്കും മൂന്നുപേരുടെയും ജീവൻ നഷ്‌ടമായിരുന്നു..
നാലുപേരുടെയും കബറടക്കം ഇന്ന് തന്നെ നടക്കും. വെട്ടിക്കാട്ടിരി ജുമാ മസ്‌ജിദിലാണ് കബീറിന്റെയും കുടുംബത്തിന്റെയും ഖബറടക്കം. മേപ്പാടം പള്ളിയിലാണ് ഹുവാദിൻ്റെ ഖബറടക്കം.