'നാടിൻ്റെ സാംസ്കാരിക സ്വത്വത്തിനും പാരമ്പര്യത്തിനും നേരെയുള്ള കടന്നുകയറ്റം'; സൂംബക്കെതിരെ ഭാരതീയ വിചാരകേന്ദ്രം

സർക്കാർ സൂംബ പോലുള്ള വിദേശ ഉൽപന്നങ്ങൾ പ്രചരിപ്പിക്കുന്നതിന്‍റെ പിന്നിൽ ചില തല്പര കക്ഷികളുടെ ഗൂഢലക്ഷ്യങ്ങൾ ഉണ്ട്

Update: 2025-06-30 03:22 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: ലഹരിക്കെതിരെ എന്ന പേരിൽ വിദേശ ചരക്കായ സൂംബ നൃത്തം വിദ്യാർഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ.

കേരളത്തിലേക്ക് ലഹരി കടത്തുന്ന കള്ളക്കടത്ത് ശൃംഖലകളെ ഇല്ലായ്മ ചെയ്യാതെ, ലഹരിക്കിരയായവരെ മാത്രം അറസ്റ്റ് ചെയ്ത് പൊതുജനമധ്യത്തിൽ പ്രദർശിപ്പിക്കുന്ന ചടങ്ങ് മാത്രമാണ് സർക്കാർ നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സൂംബയുടെ പേരിൽ മേനി പറയുന്ന സർക്കാർ കാപട്യം വ്യക്തമാകുന്നത്. യഥാർഥത്തിൽ സൂംബ ഈ നാടിൻ്റെ സാംസ്കാരിക സ്വത്വത്തിനും പാരമ്പര്യത്തിനും നേരെയുള്ള കടന്നുകയറ്റവും അധിനിവേശവുമാണെന്നും സഞ്ജയൻ ആരോപിക്കുന്നു.

Advertising
Advertising

കലാകായികരംഗത്ത് കേരളത്തിന് ഒരു മഹത്തായ പാരമ്പര്യമുണ്ട്. അതിനെ പുഷ്ടിപ്പെടുത്താനോ സംരക്ഷിക്കാനോ ഒരു പരിശ്രമവും ചെയ്യാത്ത സർക്കാർ സൂംബ പോലുള്ള വിദേശ ഉൽപന്നങ്ങൾ പ്രചരിപ്പിക്കുന്നതിന്‍റെ പിന്നിൽ ചില തല്പര കക്ഷികളുടെ ഗൂഢലക്ഷ്യങ്ങൾ ഉണ്ട്. കേരളത്തിൻ്റെ പരമ്പരാഗത കായിക അധ്യാപകർക്കും ഇപ്പോൾ പരക്കെ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന യോഗ പരിശീലകർക്കും അവസരം നിഷേധിക്കുക എന്നതാണ് സൂംബ ഇറക്കുമതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വിചാരകേന്ദ്രം ഡയറക്ടർ പറഞ്ഞു.

പി എസ് സി വഴി തെരഞ്ഞെടുക്കപ്പെട്ട കായിക അധ്യാപകർക്ക് സമയത്ത് നിയമനം നൽകുന്നില്ല എന്ന കാര്യവും ഇവിടെ ഓർക്കേണ്ടതാണ്. ഇതുവഴി സൂംബ പരിശീലകരുടെ പിൻവാതിൽ നിയമനവും സുഗമമാവും. ഈ നാട്ടിൽ പ്രതിഭാധനൻമാരായ കലാകാരന്മാർക്കോ കായിക പരിശീലകർക്കോ നൃത്ത സംവിധായകർക്കോ ഒന്നും പഞ്ഞമില്ല. നവീനമായ ആവിഷ്കാരങ്ങൾ വേണമെന്നുണ്ടെങ്കിൽ അത്തരക്കാരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. പക്ഷേ അവർക്കൊന്നും സർക്കാരിൻ്റെ ഭാഗത്തുനിന്ന് യാതൊരു പിന്തുണയും ലഭിക്കുന്നില്ല.

നാടിൻ്റെ തനിമക്കെതിരെ നടക്കുന്ന ഇത്തരം നിഗൂഢ നീക്കങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും സമൂഹം, പ്രത്യേകിച്ച് രക്ഷാകർത്താക്കളും അധ്യാപക സംഘടനകളും ശക്തമായി മുന്നോട്ടു വരണമെന്ന് ഭാരതീയ വിചാര കേന്ദ്രം ആവശ്യപ്പെട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News