ഭൂട്ടാൻ വാഹനക്കടത്ത് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും; പരിശോധന ശക്തമാക്കിയതിന് പിന്നാലെ വാഹനങ്ങൾ ഒളിപ്പിച്ച് ഉടമകൾ

ഇന്ത്യയിലെത്തിച്ച ആയിരത്തോളം വാഹനങ്ങളിൽ ഇരുന്നൂറെണ്ണം കേരളത്തിലെന്ന് കസ്റ്റംസ്

Update: 2025-09-30 03:35 GMT
Editor : Lissy P | By : Web Desk

Photo| MediaOne 

കൊച്ചി: ഭൂട്ടാൻ വാഹന കടത്തിൽ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ആയിരത്തിലധികം വാഹനങ്ങളാണ് ഭൂട്ടാനിൽ നിന്നും ഇന്ത്യയിൽ എത്തിച്ചത്  കേരളത്തിൽ മാത്രം 200ലധികം വാഹനങ്ങൾ എത്തിച്ചു എന്നാണ് കസ്റ്റംസിന്റെ നിഗമനം. കസ്റ്റംസ് പരിശോധന ശക്തമാക്കിയതോടെ പല വാഹനങ്ങളും ഉടമകൾ ഒളിപ്പിച്ചിരിക്കുകയാണ്.

മറ്റു സംസ്ഥാനങ്ങളിലേക്കും വാഹനങ്ങൾ ഒളിച്ചുകടത്തി എന്നാണ് വിവരം. നടന്‍ ദുൽഖർ സൽമാന്റെ ഒരു വാഹനം കൂടി വെണ്ണലയിലെ ബന്ധുവിന്റെ ഫ്ലാറ്റിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതുപോലെ 39 വാഹനമാണ് പിടിച്ചെടുത്തത്. അതേസമയം കേസിൽ കള്ളപ്പണം ഇടപാടും രാജ്യസുരക്ഷയെ ബാധിക്കുന്നതും ജിഎസ്ടി തട്ടിപ്പും ഉൾപ്പെടെ ഉള്ളതിനാൽ കൂടുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന്റെ ഭാഗമാകും.

Advertising
Advertising

 ഏഴ് കേന്ദ്ര ഏജൻസികളായിരിക്കും കേസന്വേഷണത്തിന്‍റെ ഭാഗമാകുക. വാഹന കള്ളക്കടത്ത് കസ്റ്റംസ് പ്രിവന്റിവ് വിഭാഗം തന്നെ അന്വേഷിക്കും .മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ പരാതി സിബിഐയും കള്ളപ്പണ ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ജി എസ് ടി തട്ടിപ്പ് ജിഎസ്ടി ഇന്റലിജൻസ് വിഭാഗവും അന്വേഷിക്കും. വിദേശ ബന്ധവും റാക്കറ്റ് ഉൾപ്പെട്ട മറ്റു തട്ടിപ്പുകളും എൻഐഎയും അന്വേഷണത്തിന് ആവശ്യമായ രഹസ്യവിവരങ്ങൾ ഐബിയും, ഡിആർഐയും ശേഖരിക്കും.

ഭൂട്ടാൻ വാഹന കടത്തിന് പിന്നിൽ വൻ രാജ്യാന്തര വാഹന മോഷണ സംഘമാണെന്ന് കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഭൂട്ടാൻ പട്ടാളം ലേലം ചെയ്തതെന്ന പേരിൽ കേരളത്തിൽ മാത്രം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിറ്റത് 200ഓളം വാഹനങ്ങളാണ്. വിദേശ രാജ്യങ്ങളിൽ നിന്നും മോഷ്ടിച്ച വാഹനങ്ങൾ ഭൂട്ടാൻ വഴി കടത്തിയെന്നും സംശയിക്കുന്നുണ്ട്. വാഹനങ്ങൾ പൊളിച്ച് ഭൂട്ടാനിൽ എത്തിച്ച ശേഷം റോഡ് മാർഗമാണ് ഇന്ത്യയിലെത്തിച്ചത്. പരിവാഹൻ സൈറ്റിലടക്കം ക്രമക്കേട് നടത്താൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിന്നു.സിനിമാതാരങ്ങൾ അടക്കമുള്ളവരെ ഇടനിലക്കാർ തെറ്റിദ്ധരിപ്പിച്ചെന്നും കസ്റ്റംസ് കണ്ടെത്തി.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News