'കോളജിലെ ഗെറ്റുഗദറിന് ഇന്നെത്തും,ഒരുമിച്ച് പോകാമെന്നാണ് പറഞ്ഞിരുന്നത്,പക്ഷേ...'; വേദനയോടെ മംഗളൂരുവിൽ വിഷവാതകം ശ്വസിച്ച് മരിച്ച ബിജിലിന്‍റെ കൂട്ടുകാർ
ഈ സെപ്തംബറില്‍ വീടിന്‍റെ പാലുകാച്ചല്‍ നടത്താനിരിക്കെയാണ് ബിജിലിന്‍റെ അപ്രതീക്ഷിത വിയോഗം
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹിൽ പോളിടെക്‌നിക്കിലെ 2010- ബാച്ചുകാരുടെ ഗെറ്റ് ടുഗദർ നടക്കേണ്ട ദിവസമാണ് ഇന്ന്.. പക്ഷെ, ഓർമകളും സന്തോഷവും പങ്കിടേണ്ട ഇന്ന് പകരം വന്നത് ചേതനയറ്റ സുഹൃത്താണ്. ഈ പരിപാടിയിൽ പങ്കെടുക്കേണ്ട ബിജിൽ പ്രസാദാണ് ഇന്നലെ മംഗളുരുവിൽ വിഷവാതകം ശ്വസിച്ച് മരിച്ചത്..
'രാവിലെ 10.30 ആകുമ്പോൾ ട്രെയിനിറങ്ങും..എത്തിയിട്ട് ഒരുമിച്ച് പോകാമെന്നാണ് പറഞ്ഞത്'..ബിജിലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ പറയുന്നു. 'കെമിക്കൽ എൻജിനീയറിങ്ങിന് ഒരുമിച്ച് ഒരേ ക്ലാസിലും ഹോസ്റ്റിലിലുമെല്ലാമുണ്ടായിരുന്നു.15 വർഷത്തിന് ശേഷമാണ് ഞങ്ങളെല്ലാവരും ഒത്തുകൂടുന്നത്. ക്ലാസിലെ 45പേരിൽ 30 പേരും പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നതാണ്. ഇതിന് വേണ്ടി വിദേശത്തുണ്ടായിരുന്നവർ പോലും എത്തിയിരുന്നു. പക്ഷേ അതിനിടയിലാണ് ബിജിലിന്റെ മരണവാർത്ത എത്തിയത്'..വേദനയോടെ സുഹൃത്തുക്കൾ പറയുന്നു.
മംഗളുരു റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡിൽ ഇന്നലെയുണ്ടായ അപകടത്തിൽ ബിജിൽ അടക്കം രണ്ടുപേരാണ് മരിച്ചത്. രാവിലെയാണ് എം ആർ പി എൽ ഓപ്പറേറ്റർമാരായ ബിജിൽ പ്രസാദ്, പ്രയാഗ് രാജ് സ്വദേശി ദീപ് ചന്ദ്രയും വിഷ വാതക ചോർച്ചയെ തുടർന്ന് മരിച്ചത്.ടാങ്കിന്റെ ലെവൽ തകരാറുകൾ പരിശോധിക്കുന്നതിനിടെ രണ്ട് ജീവനക്കാർ ടാങ്ക് റൂഫ് പ്ലാറ്റ്‌ഫോമിൽ ബോധം കെട്ടു വീഴുകയായിരുന്നു. ഇവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിനായി ഗ്രൂപ്പ് ജനറൽ മാനേജർമാർ ഉൾപ്പെടുന്ന ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ബന്ധുക്കൾ മംഗളുരുവിൽ എത്തി മൃതദേഹം ഏറ്റു വാങ്ങുകയായിരുന്നു.2017 മുതൽ ബിജിൽ മംഗളൂരുവിലാണ്. അതിനിടെ ജോലി ചെയ്യുന്ന സ്ഥലത്ത് വീടുപണി പൂർത്തീകരിച്ചിരുന്നു. ഈ സെപ്തംബറോടെ വീടുതാമസവും നടത്താനിരുന്നതാണ്. മകളും ഭാര്യയും മംഗളൂരുവിൽ ബിജിലിനൊപ്പമായിരുന്നു താമസം.