'നമ്മുടെ പ്രവര്‍ത്തകരുടെ മേൽ കൈവെച്ചാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം': ബിജെപി നേതാവിന്‍റെ പ്രകോപന പ്രസംഗം പുറത്ത്

മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ വീടിന് സമീപം കൊലയാളി സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു

Update: 2022-02-21 07:31 GMT

തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസനെ വെട്ടിക്കൊന്നത് ആര്‍.എസ്.എസെന്ന് സി.പി.എം ജില്ലാ നേതൃത്വം. മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ വീടിന് സമീപം കൊലയാളി സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. പുന്നോലില്‍ നേരത്തെ ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട് ബി.ജെ.പി- സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ ബി.ജെ.പി കൗൺസിലർ ലിജേഷ് നടത്തിയ പ്രകോപന പ്രസംഗം പുറത്തുവന്നു.

"ക്ഷേത്രത്തില്‍ വെച്ച് സി.പി.എമ്മിന്‍റെ കൊടുംക്രിമിനലുകളായ രണ്ട് പേര്‍ നേതൃത്വം നല്‍കി നമ്മുടെ സഹപ്രവര്‍ത്തകരെ അതിക്രൂരമായി ആക്രമിച്ചു. ഈ സംഭവം വളരെ വൈകാരികമായിട്ടാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുള്ളത്. നമ്മുടെ പ്രവര്‍ത്തകരുടെ മേല്‍ കൈവെച്ചാല്‍ അതെങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം നമുക്ക് എല്ലാവര്‍ക്കുമുണ്ട്. ഏതു രീതിയിലാണ് അത് കൈകാര്യം ചെയ്യുകയെന്ന് കഴിഞ്ഞ കാലങ്ങളിലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇവിടെയുള്ള സി.പി.എം നേതാക്കള്‍ക്ക് നന്നായിട്ട് അറിയാം"- ബി.ജെ.പി കൗൺസിലർ ലിജേഷ് നടത്തിയ ഈ പ്രസംഗം ഫെബ്രുവരി 9ന് ബി.ജെ.പി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

Advertising
Advertising

മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ കൊല്ലപ്പെട്ടത് ജോലി കഴിഞ്ഞുമടങ്ങവേ

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അക്രമമുണ്ടായത്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പാണ് ആക്രമിക്കപ്പെട്ടത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഹരിദാസന്‍റെ വീടിനു സമീപം കൊലയാളി സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. ശരീരത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച ഹരിദാസന്‍റെ സഹോദരനും വെട്ടേറ്റു. ഇദ്ദേഹം തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹരിദാസിന്‍റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. തലശ്ശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും സി.പി.എം ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News