സംസ്ഥാനത്ത് സമ്പൂർണലോക്ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ ജനജീവിതത്തെ ബാധിക്കുമെന്നും, രോഗബാധ കൂടിയ മേഖലകളില്‍ കര്‍ശനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്നും മന്ത്രിസഭ തീരുമാനിച്ചു

Update: 2021-04-28 07:51 GMT
Editor : rishad | By : Web Desk

സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ ജനജീവിതത്തെ ബാധിക്കുമെന്നും, രോഗബാധ കൂടിയ മേഖലകളില്‍ കര്‍ശനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്നും മന്ത്രിസഭ തീരുമാനിച്ചു. ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം ചേര്‍ന്നെടുത്ത തീരുമാനമാണ്. അതില്‍ നിന്ന് നിലവില്‍ മാറിചിന്തിക്കേണ്ടതില്ല എന്നാണ് വിലയിരുത്തൽ.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള രാജ്യത്തെ 150 ജില്ലകളിൽ ലോക്ഡൗൺ നടപ്പാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ശിപാര്‍ശ ചെയ്തിരുന്നു.ഈ പശ്ചാതലത്തിലാണ് സമ്പൂര്‍ണലോക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭ തീരുമാനം എടുത്തത്. കേരളത്തിലെ നിരവധി ജില്ലകളിൽ പോസിറ്റിവിറ്റി 15ന് മുകളിലാണ്. നിര്‍ദേശം നടപ്പിലാക്കുകയാണെങ്കില്‍ കേരളത്തിലെ പല ജില്ലകളിലും ലോക്ഡൗണിലേക്ക് പോകേണ്ടിവരും. അതേസമയം കോവിഡ് പ്രതിരോധത്തിന് വാക്‌സിൻ വാങ്ങാൻ സംസ്ഥാന മന്ത്രിസഭാ തീരുമാനിച്ചു.

ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയിരിക്കുന്നത്. 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്‌സിനുമാണ് വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക്കുമായി ധാരണയിലെത്തിയിട്ടുണ്ട്. മെയ് മാസം തന്നെ കോവാക്‌സിന്റെ ആദ്യഘട്ടം സംസ്ഥാനത്തെത്തും. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലായി പത്തു ലക്ഷം വീതമാണ് കോവാക്‌സിൻ എത്തുക.

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News