Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: സർവകലാശാലയുടെ വീഴ്ച മൂലം മാർക്ക് ലിസ്റ്റ് ലഭിക്കാതിരുന്നതിനാൽ പത്ത് വർഷം നഷ്മായ വിദ്യാർഥിക്ക് കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ പ്രത്യേക സീറ്റ് നൽകിയ ചാൻസലറുടെ ഉത്തരവിനെതിരെ എസ്എഫ്ഐ. പ്രവേശന പരീക്ഷയെഴുതാതെ പ്രവേശനം നൽകിയത് അംഗീകരിക്കാനാകില്ലെന്ന് എസ്എഫ്ഐ നേതാക്കൾ മീഡിയവണിനോട് പറഞ്ഞു.
ഉത്തരക്കടലാസ് കാണാനില്ലെന്ന് പറഞ്ഞ് 2016ൽ ഡിഗ്രി പാസായിട്ടും മാർക്ക് ലിസ്റ്റ് ലഭിക്കാതിരുന്നതിനാൽ തുടർ പഠനം മുടങ്ങിയ ചേലേമ്പ്ര സ്വദേശി ഫഹീമക്ക് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സീറ്റ് നൽകിയതിനെതിരെയാണ് എസ്എഫ്ഐ രംഗത്തെത്തിയത്.
2016ൽ ബിഎസ്‌സി കെമിസ്ട്രി പാസായെങ്കിലും ഉത്തരക്കടലാസ് കാണാതായെന്ന് പറഞ്ഞ് മാർക്ക് ലിസ്റ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് 10 വർഷം തുടർ പഠനത്തിന് സാധിക്കാതിരുന്ന ചേലേമ്പ്ര സ്വദേശി ഫഹീമക്കാണ് വൈസ് ചാൻസലറുടെ പ്രത്യേക വിവേചനാധികാരമുപയോഗിച്ച് അഡ്മിഷൻ നൽകാൻ ഡോ പി. രവീന്ദ്രൻ ഉത്തരവിട്ടത്.
ഇതിനെതിരെയാണ് എസ്എഫ്ഐ രംഗത്തെത്തിയതിരിക്കുന്നത്. ഒരാളുടെ കാര്യത്തിൽ മാത്രം എന്തു കൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് വിസി വിശദീകരിക്കണെമെന്നാണ് എസ്എഫ്ഐ ആവശ്യപ്പെടുന്നത്. ഫഹീമക്ക് സർവകലാശാല ക്യാമ്പസിലെ കെമിസ്ട്രി ഡിപ്പാർട്ട്മെന്റിൽ പ്രത്യേക സീറ്റ് നൽകാനാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈസ് ചാൻസലർ ഉത്തരവിട്ടത്.