ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, വാഹനം നിർത്തി പുറത്തേക്ക് ചാടി; ഒഴിവായത് വൻദുരന്തം
കാറിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു
Update: 2021-12-19 01:39 GMT
തിരുവനന്തപുരം മാറനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ജോലിക്ക് പോകുന്നതിനായി ഇറങ്ങിയതായിരുന്നു ഷിജിൻദാസും ഭാര്യ ഗ്രീഷ്മയും.
ഇവർക്കൊപ്പം സുഹൃത്ത് ആദർശും ഉണ്ടായിരുന്നു. വണ്ടി സ്റ്റാർട്ട് ചെയ്ത് പത്ത് മിനിട്ടിലുള്ളിൽ എഞ്ചിനിൽ നിന്ന് തീ പടർന്നു. ഉടൻ ഹാൻഡ് ബ്രേക്ക് ഇട്ട് വണ്ടി നിർത്തിയശേഷം പുറത്തേക്ക് ചാടി.
പെട്ടെന്ന് വണ്ടിയിൽ നിന്ന് ഇറങ്ങാൻ കഴിഞ്ഞതാണ് വലിയ അപകടമൊഴിവാക്കിയത്. തീപടരുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും തീ അണയ്ക്കാനായില്ല. നെയ്യാറ്റിൻകരിൽ നിന്ന് അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്. വണ്ടി പൂർണമായും കത്തിനശിച്ചു.