കെ.എസ്‌.ഐ.ഇയുടെ ലൈസൻസ് പുതുക്കി നൽകിയില്ല; തിരുവനന്തപുരം വിമാനത്താവളത്തിലെ ചരക്ക് നീക്കം പ്രതിസന്ധിയിൽ

കാര്‍ഗോ നീക്കം പ്രതിസന്ധിയിലാണെന്ന് കാണിച്ച് കെ.എസ്‌.ഐ.ഇ കയറ്റുമതിക്കാര്‍ക്കും കത്ത് നൽകിയിട്ടുണ്ട്

Update: 2022-05-07 14:38 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലേക്ക്. എയര്‍ കാര്‍ഗോ കോംപ്ലക്സിന്റെ നടത്തിപ്പ് ചുമതലയുള്ള സര്‍ക്കാര്‍ ഏജൻസിയായ കെഎസ്ഐഇക്ക് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗം ലൈസൻസ് പുതുക്കി നൽകാത്തതാണ് കാരണം .

കാര്‍ഗോ നീക്കം പ്രതിസന്ധിയിലാണെന്ന് കാണിച്ച് കെഎസ്ഐഇ കയറ്റുമതിക്കാര്‍ക്കും കത്ത് നൽകിയിട്ടുണ്ട്. വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സുകളുടെ നടത്തിപ്പും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കേണ്ട ചുമതല സര്‍ക്കാര്‍ ഏജൻസിയായ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍ പ്രൈസസിനാണ് നല്‍കിയിരിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിൽ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് ഇനി ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്നാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗം തീരുമാനിച്ചിരിക്കുന്നത്.

Advertising
Advertising

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഏറ്റെടുത്തതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. 42 വര്‍ഷമായി പാട്ടത്തിന് കൈവശം വച്ചിരുന്ന കാര്‍ഗോ കോംപ്ലക്സ് ചാക്കയിലേക്ക് അടിയന്തരമായി മാറ്റണമെന്ന് കെഎസ്ഐഇക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ വിമാനത്താവളം വഴി തിരുവനന്തപുരത്തു നിന്നുള്ള ചരക്ക് നീക്കം നിലക്കുന്ന അവസ്ഥയാണെന്ന് കെഎസ്ഐഇ കയറ്റുമതിക്കാരെയും അറിയിച്ചു. പ്രതിദിനം 75 മെട്രിക് ടൺ ഉത്പന്നങ്ങൾ വരെ കാര്‍ഗോ കോംപ്ലക്സ് വഴി കൈകാര്യം ചെയ്യുന്നുണ്ട്. പൊതുമേഖലാ സ്ഥാപനത്തെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തി ചരക്ക് നീക്കം നിയന്ത്രിക്കാനുള്ള അദാനി ഗ്രൂപ്പിന്‍റെ നീക്കത്തിന്‍റെ ഭാഗമാണിതെന്ന ആക്ഷേപവും ശക്തമാണ്. കാര്‍ഗോ നീക്കത്തിൽ നിന്ന് കെഎസ്ഐഇയെ ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് വ്യവസായ വകുപ്പ്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News