താമരശ്ശേരിയിലെ ഫ്രഷ്‌കട്ടിനെതിരെ സമരം; മുന്നൂറോളം പേർക്കെതിരെ കേസ്,പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലാൻ ശ്രമിച്ചെന്ന് എസ്എഫ്ആർ
ഗുരുതര വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ മുന്നൂറോളം പേർക്കെതിരെ കേസെടുത്ത് എഫ് ഐ ആർ. പൊലീസുകാരും പ്രദേശവാസികളും അടക്കമുള്ള നിരവധി പേർക്ക് പരിക്കേറ്റ സംഘർഷത്തിൽ ഗുരുതര വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഫ്രഷ് കട്ടിന് മുന്നിൽ നടന്നത് ആസൂത്രിത ആക്രമമെന്ന നിലപാടിലാണ് പൊലീസ്. പഞ്ചായത്തുകളിൽ ഇന്ന് ഭാഗിക ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളിലെയും കൊടുവള്ളി മുനിസിപ്പാലിറ്റിയിലെയും വിവിധ പ്രദേശങ്ങളിൽ സമരക്കാർ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു. സമാധാനപരമായി ഫ്രഷ് കട്ടിന് മുമ്പില്‍ സമരം ചെയ്തവരെ ക്രൂരമായി നേരിടുകയായിരുന്നു പോലീസ് എന്നും ഫ്രഷ് കട്ട് അടച്ചുപൂട്ടിയേ തീരൂ എന്നും ഡോ.എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു.
അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന് നാട്ടുകാർ തീയിട്ടിരുന്നു. പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. സംഘർഷത്തിൽ റൂറൽ എസ് പി അടക്കം നിരവധി പോലീസുകാർക്കും നാട്ടുകാർക്കും പരിക്കേറ്റു. കല്ലേറിൽ പല്ലിനും ചുണ്ടിനും കാലിനും പരുക്കേറ്റ റൂറൽ എസ് പി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഫ്രഷ് കട്ടിന് മുന്നിൽ നടന്നത് ആസൂത്രിത ആക്രമമെന്ന് ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞിരുന്നു.