പെരിയ ഇരട്ടക്കൊലപാതകം: അഞ്ചു സിപിഎം നേതാക്കൾ അറസ്റ്റിൽ

സിബിഐയാണ് ഇവരെ അറസ്റ്റു ചെയ്തത്

Update: 2021-12-01 10:06 GMT
Editor : abs | By : abs
Advertising

കാസർക്കോട്: പെരിയ ഇരട്ടക്കൊലക്കേസിൽ അഞ്ചു സിപിഎം നേതാക്കൾ അറസ്റ്റിൽ. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെയുള്ള അഞ്ചു പേരാണ് അറസ്റ്റിലായത്. ഇവരെ നാളെ എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കും. ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ്, സുരേന്ദ്രൻ, രാജു എന്നിവരാണ് അറസ്റ്റിലായവര്‍. 

മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരെ നേരത്തെ കേസിൽ സിബിഐ ചോദ്യം ചെയ്തിരുന്നു. മണികണ്ഠൻ കേസിൽ പ്രതിയാണ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.

2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്(21), ശരത്ലാൽ(24) എന്നിവരെ വാഹനങ്ങളിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ 14 പേരാണ് പ്രതികൾ. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പീതാംബരനാണ് ഒന്നാം പ്രതി. 

കേസിലെ പ്രതികൾക്കായി ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്താൻ സംസ്ഥാന സർക്കാർ 90.92 ലക്ഷം രൂപ ചെലവിട്ടിരുന്നു. കേസ് സിബിഐക്ക് വിട്ട കോടതി വിധിക്കെതിരെ നൽകിയ അപ്പീലിൽ സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകർക്കാണ് സർക്കാർ ഇത്രയും തുക ചെലവിട്ടത്. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളാണ് കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News