അനധികൃത സ്വത്ത് സമ്പാദനം: കെ.എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു
ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു. അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് കേസ്. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്.
നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമാണ് എബ്രഹാം. 2016 ലാണ് ജോമോൻ പുത്തൻപുരക്കൽ കെ.എം എബ്രഹാമിന് എതിരായി വിജിലൻസിന് സമീപിച്ചത്.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു ആരോപണം. മുംബൈയിലും തിരുവനന്തപുരത്തുള്ള ഫ്ലാറ്റുകളുടെ ഇഎംഐ, കൊല്ലത്തെ ഷോപ്പിംഗ് മാൾ, ഭാര്യയുടെയും മക്കളുടെയും സ്വത്ത് വിവരങ്ങൾ സിവിൽ സർവീസ് സെപ് പ്രകാരം മറച്ചുവച്ചു എന്നിവയായിരുന്നു ആരോപണങ്ങൾ.
എന്നാല്‍ തനിക്കെതിരെ ഗൂഢാലോചനയാണ് നടക്കുന്നതെന്നും ഐപിഎസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കെ.എം എബ്രഹാം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കേസിലെ പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കലിന് എതിരെയാണ് കെ.എം എബ്രഹാം ഗൂഢാലോചന ആരോപണം ഉന്നയിക്കുന്നത്. ജോമോന് ഒപ്പം താൻ ധനസെക്രട്ടറിയായിരിക്കെ അഴിമതി കണ്ടെത്തിയ പൊതുമേഖലാ സ്ഥാപനത്തിലെ രണ്ടു ഉന്നതരും ഗൂഢാലോചനയുടെ ഭാഗമാണെന്നും കെ.എം എബ്രാഹം കുറ്റപ്പെടുത്തി. ഇതിന് തെളിവായി ടെലഫോൺ വിശദാംശങ്ങൾ തൻ്റെ കൈവശമുണ്ടെന്നും കെ.എം എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചു. പരാതിക്കാരനും പൊതുമേഖലാ സ്ഥാപനത്തിലെ തലപ്പത്ത് ഉണ്ടായിരുന്ന ഉന്നതരും പല ഘട്ടത്തിലും പരസ്പരം സംസാരിച്ചിട്ടുണ്ട്.
2015 മുതൽ ആരംഭിച്ചതാണ് ഈ ഗൂഢാലോചന എന്നും കെ.എം എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അതിനാൽ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഗൂഢാലോചന പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നാണ് കത്തിലെ പ്രധാനപ്പെട്ട ആവശ്യം. കിഫ്ബി ജീവനക്കാരോട് വിഷുദിന സന്ദേശത്തിലൂടെ വിശദീകരിച്ച കാര്യങ്ങളെല്ലാം മുഖ്യമന്ത്രിക്ക് നൽകിയ കത്തിലും ആവർത്തിക്കുന്നു. ഇതിനൊപ്പം കൂടുതൽ വിശദാംശങ്ങളും മുഖ്യമന്ത്രിക്ക് കത്തിനൊപ്പം കൈമാറിയിരുന്നു.