അന്നം മുടക്കി കേന്ദ്രം; അധിക ബോണസ് നിർത്തലാക്കണം; നെൽകർഷകർക്ക് ഇരുട്ടടിയായി കേന്ദ്ര നിർദേശം

പ്രോത്സാഹന ബോണസായി നൽകിവന്നിരുന്ന 6.31 രൂപ നിർത്തലാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്

Update: 2026-02-08 07:00 GMT

തിരുവനന്തപുരം: കേരളത്തിലെ നെൽകർഷകരോട് കേന്ദ്രത്തിന്റെ കൊടുംക്രൂരത. കർഷകർക്ക് കേരളം നൽകിവരുന്ന പ്രോത്സാഹന ബോണസായ 6.31 രൂപ നൽകരുതെന്നാണ് കേന്ദ്ര ആവശ്യം. ബോണസ് നൽകുന്നതുമൂലം നെല്ലിന്റെയും ഗോതമ്പിന്റെയും ഉൽപാദനം വർധിക്കുന്നു എന്നത് അടക്കമുള്ള വിചിത്രവാദങ്ങളാണ് കേന്ദ്രസർക്കാർ ഇതിനായി മുന്നോട്ടുവച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ വാദങ്ങൾ വിചിത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ബോണസ് നൽകുന്നത് തുടരുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.

എല്ലാക്കാലത്തും പ്രതിസന്ധി അനുഭവിക്കുന്ന ഒരു വിഭാഗമാണ് നെൽ കർഷകർ. പ്രകൃതിയോട് അടക്കം മല്ലിട്ടാണ് അതിജീവന പോരാട്ടം കർഷകർ നടത്തുന്നത്. ഇതിനിടയിലാണ് കേന്ദ്രസർക്കാരിൻറെ കടുംവെട്ട് വന്നിരിക്കുന്നത്. നെല്ലിനും ഗോതമ്പിനും കേന്ദ്രസർക്കാർ നൽകുന്നത് 23.69 രൂപയാണ്. ഇതിനുപുറമേ കർഷകരെ സഹായിക്കാനായി സംസ്ഥാന സർക്കാർ 6.31 പ്രോത്സാഹന ബോണസായി നൽകുന്നുണ്ട്. ഇതുൾപ്പെടെ 30 രൂപയാണ് കർഷകർക്ക് നൽകുന്നത്. ഈ അധിക തുക നിർത്തലാക്കണമെന്നാണ് കേന്ദ്ര എക്‌സ്‌പെൻറ്റിച്ചർ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നത്.

Advertising
Advertising

ബോണസ് നിർത്തലാക്കാൻ കേന്ദ്രമുന്നയിക്കുന്ന വാദങ്ങളാണ് വിചിത്രം. കേന്ദ്രത്തിനു പുറമേ സംസ്ഥാനം കൂടി സഹായം നൽകുന്ന സ്ഥലങ്ങളിൽ നെല്ലിന്റെയും ഗോതമ്പിന്റെ ഉത്പാദനം വർധിച്ചുവരുന്നു. ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. വിളകൾക്ക് കൂടുതൽ വെള്ളം ആവശ്യമായതിനാൽ ഭൂഗർഭ ജലലഭ്യതയും പ്രതികൂലമായി ബാധിക്കുന്നു എന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം.

എന്നാൽ ബോണസ് നൽകുന്നത് നിർത്തില്ലെന്ന് കൃഷിമന്ത്രി പി. പ്രസാദ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ കത്ത് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് മന്ത്രി പി.പ്രസാദ് പ്രതികരിച്ചു. കേന്ദ്രത്തിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും കർഷകർക്ക് ബോണസ് നൽകുന്നത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കൃഷി സംസ്ഥാനത്തിന്റെ കാര്യമാണ് അതിൽ കേന്ദ്രം ഇടപെടേണ്ടെന്നും മന്ത്രി പറഞ്ഞു.

നെല്ലു ഉൽപാദനം വർധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര നിലപാട് വിചിത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കോർപ്പറേറ്റുകളുടെ കോടാനുകോടി രൂപ കടം എഴുതിത്തള്ളാൻ മടിക്കാത്തവരാണ് കേന്ദ്രസർക്കാർ, അവരാണ് നെൽ കർഷകന് നൽകുന്ന ബോണസ് വലിയ ബാധ്യതയായി ചിത്രീകരിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന നടപടിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്നോട്ട് പോകണമെന്ന് ഇടതുമുന്നണി കൺവീനർ ടി.പി രാമകൃഷ്ണനും ആവശ്യപ്പെട്ടു

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News