രാഹുലിന്റെ അമ്മയും സഹോദരിയുമടക്കം അഞ്ച് പ്രതികൾ; പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

ദിവസങ്ങള്‍ക്ക് മുൻപ് രാഹുലിനെതിരായ പരാതി പിന്‍വലിച്ച് വധു സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു

Update: 2024-07-12 10:24 GMT
Editor : banuisahak | By : Web Desk

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധന പീഡന കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ അഞ്ച് പ്രതികൾ ആണുള്ളത്. രാഹുലിനെതിരെ വധശ്രമം ഉൾപ്പെടെയുഉള്ള വകുപ്പുകളാണ് ചുമത്തിയത്. അമ്മയും, സഹോദരിയും സ്ത്രീധന ഗാർഹിക പീഡന വകുപ്പ് പ്രകാരം പ്രതികൾ. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചതിന് പൊലീസുകാരൻ ഉൾപ്പെടെ രണ്ട് പേരെയും പ്രതി ചേർത്തിട്ടുണ്ട്. 

രാഹുലിന്റെ അമ്മയും സഹോദരിയും രണ്ടും മൂന്നും പ്രതികളാണ്. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമായാണ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മുന്നിൽ കുറ്റപത്രം സമര്‍പ്പിച്ചത്. മുഖ്യപ്രതി രാഹുലിനെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന കുറ്റമാണ് ശരത് ലാലിന് മേലുള്ളത്. ഗാര്‍ഹിക പീഡനമാണ് രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും എതിരെ ചുമത്തിയത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്‌ത്‌ 60ആം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

Advertising
Advertising

നാടകീയ സംഭവങ്ങളാണ് കേസുമായി ബന്ധപ്പെട്ട് അരങ്ങേറിയിരുന്നത്. ദിവസങ്ങള്‍ക്ക് മുൻപ് രാഹുലിനെതിരായ പരാതി പിന്‍വലിച്ച് വധു സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത് ചർച്ചയായിരുന്നു. ഭർത്താവിനെതിരെ പരാതി നൽകിയത് വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണെന്ന് യുവതി പിന്നീട് പറഞ്ഞിരുന്നു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ അറിയിച്ച യുവതി ഡൽഹിയിലേക്ക് തിരിച്ചു പോവുകയും ചെയ്‌തു. 

എന്നാൽ, യുവതിയുടെ നീക്കം രാഹുലിന്‍റെ സമ്മർദത്തെ തുടർന്നാണെന്നാണ് പൊലീസിന്റെ വാദം. ഇതിന് പിന്നാലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഹൈക്കോടതിയിൽ ഹരജിയും ഫയൽ ചെയ്‌തിരുന്നു.  പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പായെന്നാണ് രാഹുൽ ഹൈക്കോടതിയില്‍ അറിയിച്ചത്. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രാഹുലിന്റെ ഹരജിയില്‍ സർക്കാരിനും പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്കും പരാതിക്കാരിക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനിടെയാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കുന്നത്. 

ഒന്നാം പ്രതിയായ രാഹുൽ ഇപ്പോഴും ഒളിവിലാണ്. ഇയാൾ കേസെടുത്തതിന് പിന്നാലെ ജർമനിയിലേക്ക് കടന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News