മുട്ടില്‍ മരംമുറി കേസിൽ കുറ്റപത്രം ഇന്ന്; അഗസ്റ്റിൻ സഹോദരങ്ങൾ മുഖ്യപ്രതികൾ

മരങ്ങളുടെ ഡി.എൻ.എ പരിശോധനാ ഫലം നിർണായക തെളിവായെടുത്ത കുറ്റപത്രത്തിൽ അഗസ്റ്റിൻ സഹോദരങ്ങളടക്കം 12 പേരാണ് പ്രതികൾ

Update: 2023-12-04 01:50 GMT
Advertising

വയനാട്: മുട്ടില്‍ മരംമുറിക്കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. സുൽത്താൻ ബത്തേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഡി.വൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുക. മരങ്ങളുടെ ഡി.എൻ.എ പരിശോധനാ ഫലം നിർണായക തെളിവായെടുത്ത കുറ്റപത്രത്തിൽ അഗസ്റ്റിൻ സഹോദരങ്ങളടക്കം 12 പേരാണ് പ്രതികൾ.

2020 - 21 വർഷത്തിൽ വയനാട് മുട്ടിലിൽ നടന്ന കോടികളുടെ അനധികൃത മരംമുറി കേസിൽ രണ്ടുവർഷം നീണ്ട അന്വേഷണത്തിനു ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. വയനാട് വാഴവറ്റ സ്വദേശികളും റിപ്പോർട്ടർ ചാനൽ ഉടമകളുമായ റോജിഅഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. വ്യാജരേഖ ചമയ്ക്കൽ, പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്കൊപ്പം സർക്കാറിലേക്ക് നിക്ഷിപ്തമായ മരങ്ങൾ മുറിച്ചതിന് ലാൻഡ് കൺസർവൻസി ആക്ടും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അന്നത്തെ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറും സ്പെഷ്യൽ ഓഫീസറും മരംമുറിസംഘത്തെ സഹായിച്ചവരുമുൾപ്പടെ കേസിൽ ആകെ 12 പ്രതികളാണുള്ളത്.

1964 ന് ശേഷം പട്ടയം ലഭിച്ച ഭൂമിയിൽ സ്വയം കിളിര്‍ത്തതോ കർഷകർ നട്ടുവളര്‍ത്തിയതോ ആയ മരങ്ങൾ മുറിക്കാമെന്ന, 2020ൽ സർക്കാർ പുറത്തിറക്കിയ ഉത്തരവിന്റെ മറവിൽ പ്രതികൾ കോടികൾ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. 500 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങള്‍ അടക്കമാണ് മുറിച്ച് മാറ്റിയതെന്ന് ഡി.എന്‍.എ പരിശോധനയിൽ തെളിഞ്ഞിരുന്നു. കൂടാതെ, ഭൂവുടമകളുടെ പേരിൽ പ്രതികൾ വില്ലേജ് ഓഫിസിൽ സമർപ്പിച്ച അപേക്ഷകൾ വ്യാജമായി നിർമിച്ചതാണെന്ന് തിരുവനന്തപുരത്ത് നടത്തിയ ഫോറൻസിക് പരിശോധനയിലും വ്യക്തമായി. ഇതോടെ ഡി.എന്‍.എ, ഫോറന്‍സിക് പരിശോധനാഫലങ്ങള്‍ കുറ്റപത്രത്തിൽ പ്രതികള്‍ക്കെതിരായ ശക്തമായ തെളിവുകളായി. പൊലീസിനും റവന്യു വകുപ്പിനുമൊപ്പം കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രതികൾക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News