Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസിൽ പ്രതി സെബാസ്റ്റ്യനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ആറ് ദിവസത്തേക്കാണ് ഏറ്റുമാനൂർ മജിസ്ട്രറ്റ് കോടതി കസ്റ്റഡി അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ ഉപദ്രവിച്ചില്ലെന്നും തനിക്ക് നിയമ സഹായം വേണമെന്നും സെബാസ്റ്റ്യൻ കോടതിയിൽ പറഞ്ഞു.
ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് ഇന്നലെ പ്രതി സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലും, സുഹൃത്ത് റോസമ്മ, കാണാതായ ബിന്ദു പത്മനാഭൻ എന്നിവരുടെ വീടുകളിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. രണ്ട് സംഘമാണ് നിലവിൽ ഈ കേസ് അന്വേഷിക്കുന്നത്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ജൈനമ്മയുടെ തിരോധാന കേസ് അന്വേഷിക്കുന്നത് കോട്ടയം ക്രൈം ബ്രാഞ്ചും ചേർത്തല സ്വദേശികളായ ബിന്ദു പത്മനാഭൻ, സിന്ധു, ആയിഷ എന്നിവരുടെ കേസുകൾ അന്വേഷിക്കുന്നത് ആലപ്പുഴ ക്രൈം ബ്രാഞ്ചുമാണ്.
രണ്ട് സംഘങ്ങൾ നടത്തുന്ന പരിശോധനയാണ് ഇന്നലെ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നടന്നത്. റഡാർ ഉപയോഗിച്ച് ഭൂമിക്കടിയിൽ അസ്ഥിയുണ്ടോ എന്നതടക്കമുള്ള ശാസ്ത്രീയ പരിശോധനയാണ് ഇന്നലെ ആലപ്പുഴ ക്രൈം ബ്രാഞ്ച് നടത്തിയത്. മണിക്കൂറുകൾ നീണ്ടുനിന്ന പരിശോധനയിൽ കാര്യമായ ഒന്നും കണ്ടെത്താനായില്ല. സെബാസ്റ്റ്യനെ സഹായിച്ചു എന്ന് പറയുന്ന സുഹൃത്ത് റോസമ്മയുടെ വീട്ടിലും ബിന്ദു പത്മനാഭന്റെ വീട്ടിലും പരിശോധന നടത്തിയെങ്കിലും നിർണായകമായ ഒന്നും കണ്ടെത്താനായില്ല.