മൂന്ന് മക്കളെ കൊന്നത് ഉറക്ക ഗുളിക നൽകിയ ശേഷം: ചെറുപുഴയിലെ കൂട്ടമരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കുട്ടികളുടെ ആന്തരികാവയവങ്ങളും വീട്ടിൽ നിന്ന് ലഭിച്ച ഭക്ഷണാവശിഷ്ടങ്ങളും ഫോറൻസിക് പരിശോധനക്ക്അയച്ചിട്ടുണ്ട്

Update: 2023-05-25 07:46 GMT
Editor : rishad | By : Web Desk

കൂട്ട മരണം നടന്ന വീടിലേക്ക് വരുന്ന ആംബുലന്‍സ്, മരിച്ച ഷാജിയും ശ്രീജയും 

കണ്ണൂർ: ചെറുപുഴയിൽ ദമ്പതിമാര്‍ ചേർന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൂത്തമകൻ സൂരജിനെ കെട്ടി തൂക്കിയത് ജീവനോടെയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. മൂന്ന് കുട്ടികൾക്കും ഭക്ഷണത്തിൽ വിഷവും ഉറക്ക ഗുളികകളും കലർത്തി നൽകിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.  

ശ്രീജയും ഭര്‍ത്താവ് ഷാജിയും ചേർന്ന് കുട്ടികളെ കൊലപ്പെടുത്തിയത് മുൻകൂട്ടി തയ്യാർ ചെയ്ത പദ്ധതി പ്രകാരമാണെന്നതിന്റെ തെളിവുകളാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ പുറത്ത് വരുന്നത്. കുട്ടികൾക്ക് രാത്രി നൽകിയ ഭക്ഷണത്തിൽ വിഷം ചേർത്തിരുന്നു. തിരിച്ചറിയാതിരിക്കാൻ ചെറിയ അളവിൽ മാത്രമാണ് വിഷം ചേർത്തത്. ഒപ്പം ഉറക്ക ഗുളികകളും നൽകി. വിഷം ഉളളിൽ ചെന്നതിനെ തുടർന്ന് ഇളയ കുട്ടികളായ സുജിനും സുരഭിയും മരിച്ചു. എന്നാൽ പന്ത്രണ്ട് വയസുകാരനായ മൂത്ത കുട്ടി സൂരജ് മരിച്ചിരുന്നില്ല.

Advertising
Advertising

സൂരജിനെ സ്റ്റെയർകെയ്സിനു മുകളിലെ കമ്പിയിൽ കെട്ടി തൂക്കിയത് ജീവനോടെയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് മറ്റ് രണ്ട് കുട്ടികളുടെ മൃതദേഹങ്ങളും സമാന രീതിയിൽ കെട്ടി തൂക്കി. അതിന് ശേഷമാണ് ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന വിവരം ചെറുപുഴ പോലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത്. പോലീസ് എത്തുന്നതിന് മുൻപ് കിടപ്പുമുറിയിലെ ഫാനിൽ ശ്രീജയും ഷാജിയും തൂങ്ങി മരിച്ചു. ഇരുവരുടേതും തൂങ്ങി മരണം തന്നെയെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. മരിച്ചവരുടെ ശരീരത്തിൽ അസ്വാഭാവിക മുറിവുകൾ ഒന്നുമില്ല.

കുട്ടികളുടെ ആന്തരികാവയവങ്ങളും വീട്ടിൽ നിന്ന് ലഭിച്ച ഭക്ഷണാവശിഷ്ടങ്ങളും ഫോറൻസിക് പരിശോധനക്ക്അയച്ചിട്ടുണ്ട്. ഇന്നലെ പുലർച്ചെയായിരുന്നു പാടിച്ചാലിന് സമീപം വാച്ചാലിൽ ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.  ശ്രീജയുടെ രണ്ടാം ഭര്‍ത്താവാണ് ഷാജി. അടുപ്പത്തിലായിരുന്ന ഇരുവരും ഒരാഴ്ച മുന്‍പാണ് വിവാഹിതരായത്. തുടര്‍ന്ന് ഷാജി ശ്രീജയ്‌ക്കൊപ്പം താമസം ആരംഭിക്കുകയായിരുന്നു. ആദ്യഭര്‍ത്താവ് സുനിലുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ശ്രീജ ഷാജിയെ വിവാഹം കഴിച്ചതോടെ ആദ്യഭര്‍ത്താവ് സുനില്‍ ഏതാനും ദിവസങ്ങളായി മറ്റൊരിടത്താണ് താമസം.  



Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News