Writer - അൻഫസ് കൊണ്ടോട്ടി
anfas123
തൃശൂർ: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതിവിധി സ്വാഭാവിക നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നിലനില്‍ക്കുമ്പോള്‍ അറസ്റ്റ് ചെയ്യാറില്ല. അതാണ് കേരളത്തിലെ കീഴ്‌വഴക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
'കോടതിയുടെ മുന്നില്‍ ജാമ്യാപേക്ഷ നില്‍ക്കുമ്പോള്‍ തീരുമാനം വരുന്നത് വരെ കാക്കുന്നതാണ് രീതി. കോടതി നടപടി സ്വാഭാവികം'. മുഖ്യമന്ത്രി പറഞ്ഞു.
പൂര്‍ണ്ണമായും കേള്‍ക്കപ്പെടാതെ ഒരു പ്രതിയും അറസ്റ്റ് ചെയ്യപ്പെടരുതെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. കോടതിക്ക് മുന്‍വിധിയില്ലെന്നും പ്രോസിക്യൂഷൻ വാദം വിശദമായി കേള്‍ക്കാമെന്നും ഹൈക്കോടതി.
പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും തെളിവുകള്‍ നല്‍കാന്‍ സാവകാശം വേണമെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം തള്ളിയ ഉത്തരവില്‍ പിഴവുണ്ടെന്നും പരാതിക്കാരിക്ക് എതിരായ തെളിവുകള്‍ സെഷന്‍സ് കോടതി പരിഗണിച്ചില്ല എന്നും രാഹുല്‍ ഉന്നയിച്ചു.
പിന്നാലെ, രണ്ടാമത്തെ കേസിലും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.