"നയപ്രഖ്യാപനത്തിന് സമയമില്ല റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ട്"; ഗവർണർക്കെതിരെ മുഖ്യമന്ത്രി

പൊലീസ് നടപടി നോക്കുന്ന അധികാരിയെ നേരത്തെ കേരളം കണ്ടിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

Update: 2024-01-27 14:40 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: നയപ്രഖ്യാപനം വായിക്കാൻ സമയമിലാത്ത ഗവർണർക്ക് റോഡിൽ ഒന്നര മണിക്കൂർ കുത്തിയിരിക്കാൻ സമയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലായിരുന്നു രൂക്ഷ വിമർശനം.

"നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ എന്താണ് കാണിച്ചത്? കേരളത്തോടും ഭരണഘടനയോടുമുള്ള അവഹേളനമാണത്. നയപ്രഖ്യാപനം വായിക്കാൻ സമയമില്ല. ഒന്നര മണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ സമയം ഉണ്ടോ? ഭേഷ്": മുഖ്യമന്ത്രി പരിഹസിച്ചു.

ഗവർണർക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് പറയാനാകില്ല. അധികാര സ്ഥാനത്ത് ഇരിക്കുന്നവർക്ക് എതിരെ പ്രതിഷേധം ഉണ്ടാവും. മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാം യാത്ര ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങളോട് അധികാര സ്ഥാനത്ത് ഇരിക്കുന്നവർ എന്ത് സമീപനം സ്വീകരിക്കണം എന്നതാണ് പ്രശ്നം. പൊലീസ് നടപടി നോക്കുന്ന അധികാരിയെ നേരത്തെ കേരളം കണ്ടിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. 

"അധികാര സ്ഥാനത്തിരിക്കുന്നവർക്കു നേരെ വ്യത്യസ്ഥമായ രീതിയിലുള്ള പ്രതിഷേധസ്വരങ്ങൾ ഉയർന്നേക്കാം. അതിനോട് അധികാരസ്ഥാനത്ത് ഇരിക്കുന്നവർ സ്വീകരിക്കേണ്ട നിലപാടെന്താണ് എന്നതാണ് പ്രധാനം. പ്രതിഷേധക്കാർക്കു നേരെ പൊലീസ് എന്ത് നടപടി എടുക്കുന്നു എന്ന് നോക്കാൻ വേണ്ടി അവിടെയിറങ്ങുന്ന അധികാരിയെ കേരളം കണ്ടിട്ടുണ്ടോ? സാധാരണ സെക്യൂരിറ്റി നിലപാടുകൾക്കു വിരുദ്ധമായ കാര്യമാണത്. നിയമനടപടികൾ താൻ പറയുന്നത് പോലെ സ്വീകരിക്കണം, ഏതെങ്കിലും ഒരാൾ സംഭവസ്ഥലത്ത് ഇറങ്ങിനിന്ന് ആ എഫ്ഐആറിന് വേണ്ടി സമരം നടത്തുന്ന സ്ഥിതി നമ്മൾ കണ്ടിട്ടുണ്ടോ?" കോഴിക്കോട് പൊലീസ് കൂടെ വരണ്ട എന്നാണ് ഗവർണർ പറഞ്ഞത്. അങ്ങനെ ഏതെങ്കിലും ഗവർണർ നേരത്തെ പറഞ്ഞിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

സി.ആർ.പി.എഫിനെ നിയോഗിച്ചത് സംസ്ഥാനത്തിന് മേലുള്ള കേന്ദ്രത്തിൻ്റെ ഇടപെടലായി കാണുന്നില്ല. ആർ എസ് എസ് പ്രവർത്തകർക്ക് സുരക്ഷ ലഭിക്കുന്നുണ്ട്. ആ പട്ടികയിൽ ഗവർണറും എത്തും. കേന്ദ്ര സേനയുടെ സുരക്ഷയുള്ള ആർ.എസ്എസുകാരുടെ പട്ടികയിലാണ് ഇപ്പോൾ ഗവർണറും. പ്രത്യേക മേന്മ എന്താണ് അറിയില്ല. സിആർപിഎഫ് കേരളം നേരിട്ട് ഭരിക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. 

"ഗവർണറുടെ സുരക്ഷ ഇപ്പോൾ സിആർപിഎഫിന് കൈമാറിയെന്നാണു പറയുന്നത്. വളരെ വിചിത്രമായ കാര്യമാണത്. സ്റ്റേറ്റിന്റെ തലവനെന്ന നിലയിൽ ഏറ്റവും കൂടുതൽ സുരക്ഷയാണ് ഗവർണർക്ക് ലഭിക്കുന്നത്. ആ സുരക്ഷ വേണ്ടെന്ന് വെച്ചിരിക്കുകയാണ് അദ്ദേഹം. കേരളത്തിൽ ഇപ്പോൾ തന്നെ ചിലർക്ക് കേന്ദ്രസുരക്ഷയുണ്ട്. കൊടുങ്ങല്ലൂരിലെ സുന്ദരൻ ഗോവിന്ദൻ, ആലുവയിലെ സുജിത്ത്, ആലങ്ങാട്ടെ സുധി, ആലുവയിലെ രാമചന്ദ്രൻ, കൊടുങ്ങല്ലൂരിലെ സജീവൻ, ഇവരെല്ലാം ആർഎസ്എസ് പ്രവർത്തകരാണ്. ആ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാനും."

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News